photo

പൊലീസ് സേനയിലുള്ള ചിലരുടെ പ്രവൃത്തിദോഷം കൊണ്ട് സർക്കാരിന് തലകുനിക്കേണ്ട സ്ഥിതിയുണ്ടാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യപ്രസ്താവന നടത്തിയതിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ചുമതലക്കാരനായ സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തത്. സേനയ്ക്ക് അവമതി വരുത്തുന്ന ആരെയും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞിട്ടുണ്ട്. പക്ഷേ പൊലീസ് സേനയിൽ ക്രിമിനൽ കേസുകൾ നേരിടുന്നവരുടെ പട്ടിക 744-ൽ എത്തിയെന്നാണ് സർക്കാരിന്റെ കണക്ക്.

പൗരന്റെ ജീവനും സ്വത്തിനും മാത്രമല്ല മാനത്തിനുകൂടി കാവലാളാകേണ്ട പൊലീസുകാർ സകലവിധ ക്രിമിനൽ നടപടികളിലും ആണ്ടിറങ്ങിയാൽ ജനം ആരെയാണ് ആശ്രയിക്കേണ്ടത് ?​ ജനങ്ങൾക്ക് മാതൃകയും സർവോപരി അവരുടെ രക്ഷകരുമാകേണ്ട പൊലീസ് സേനാംഗങ്ങളുടെ അപഥസഞ്ചാരം ഒരു കാരണവശാലും പൊറുക്കാനാവില്ല. അതുകൊണ്ടാണ് സമൂഹത്തിന് അഹിതമായ നിലയിലുള്ള അവരുടെ ഏതു പെരുമാറ്റവും ഉറക്കെ ചർച്ചചെയ്യപ്പെടുന്നത്.

സംസ്ഥാന പൊലീസ് സേനയിലെ 744 പേർ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടും സേനയുടെ ഭാഗമായിത്തന്നെ തുടരുകയാണ്. ഇവരിൽ 38 പേർ പീഡനകേസുകളിലെ പ്രതികളാണ്. സ്‌‌ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സംരക്ഷണം നൽകേണ്ട നിയമപാലകർ അവരുടെ മാനത്തിനു വിലപറയുന്ന അതിനിന്ദ്യമായ സ്ഥിതിവിശേഷമാണുള്ളത്.

അറസ്റ്റിലായ ഭർത്താവിനെ കേസിൽനിന്ന് മോചിപ്പിക്കാമെന്നു വാഗ്ദാനം നൽകിയാണത്രേ രണ്ടു കുട്ടികളുടെ മാതാവു കൂടിയായ യുവതിയെ സി.ഐ ഉൾപ്പെടെയുള്ളവർ മാനഭംഗപ്പെടുത്തിയത്. ഇയാൾ നേരത്തെയും സമാനമായ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏറ്റവും ഹീനമായ പീഡനക്കേസിൽ പ്രതിയായ ശേഷവും ഇയാൾ പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരനായി അവരോധിക്കപ്പെട്ടെങ്കിൽ ഇത്തരം സംഭവങ്ങളോടുള്ള ആഭ്യന്തരവകുപ്പിന്റെ സമീപനം എത്രമേൽ ലാഘവത്വവുമുള്ളതാണെന്ന് ബോദ്ധ്യപ്പെടും.

ഇത്തരക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകാൻ സർക്കാർ തയ്യാറാകുമ്പോഴാണ് സേനയുടെ യശസ് ഉയരുന്നത്. പൊലീസിന്റെ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തി സ്‌ത്രീകളുടെ ചാരിത്ര്യ‌ത്തിനു വിലയിടുന്ന ഉദ്യോഗസ്ഥർ ഒരു ദിവസം പോലും സർവീസിൽ തുടരാൻ അർഹരല്ല. കോടതി ഇവർക്ക് എന്ത് ശിക്ഷയാണ് നൽകാൻ പോകുന്നതെന്നു കാത്തിരിക്കേണ്ടതില്ല. ഗുരുതരമായ പെരുമാറ്റദൂഷ്യം ബോദ്ധ്യപ്പെട്ടാൽ അത്തരക്കാരെ പുറത്താക്കാൻ ചട്ടമുള്ളതാണ്. അത് പ്രയോഗിക്കാൻ മടിക്കുന്നതുകൊണ്ടാണ് കാലം ചെല്ലുന്തോറും സേനയുടെ മുഖം കൂടുതൽ വികൃതമാകുന്നത്.

പൊലീസ് ഉൾപ്പെട്ട സ്തോഭജനകമായ കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾ കുറ്റാരോപിതനെ അല്പകാലത്തേക്ക് സസ്പെൻഡ് ചെയ്താൽ ശിക്ഷ കഴിഞ്ഞെന്ന നില തീർച്ചയായും മാറണം. ശിക്ഷാനിയമത്തിലെ ശിക്ഷയ്ക്കുപരി സമൂഹത്തോടുള്ള ബാദ്ധ്യത നിറവേറ്റാൻ സർക്കാർ സ്വന്തം നിലയ്ക്ക് സ്വീകരിക്കേണ്ട ശിക്ഷാമുറകളുണ്ട്. അതിൽനിന്നു പിന്നാക്കം പോകുന്നതുകൊണ്ടാണ് സേനാംഗങ്ങൾക്കിടയിലും കുറ്റവാസന പെരുകുന്നത്. സംരക്ഷിക്കാൻ രാഷ്ട്രീയക്കാർ കൂടിയുണ്ടെങ്കിൽ ആരെയും ഭയക്കേണ്ടാത്ത സ്ഥിതിയും വന്നുചേരും.

പൊലീസ് സേനാംഗങ്ങൾ പ്രതികളായ പീഡനകേസുകൾ ഒട്ടുംതന്നെ ലാഘവത്തോടെ കാണരുത്. നിസ്സഹായമാകുന്ന സ്‌ത്രീത്വത്തിന്റെ നിലവിളിയാണ് ഇത്തരം കേസുകളിൽ ഉയരുന്നത്. കുറ്റവാളികളെ പിടിക്കേണ്ട പൊലീസ് തന്നെ കുറ്റം ചെയ്യാൻ മുതിർന്നാൽ സസ്പെൻഷനല്ല ഡിസ്‌മിസലാണ് ഏക പരിഹാരം. ഇതിനെതിരെ കേസും വഴക്കുമൊക്കെ ചിലപ്പോൾ ഉണ്ടായെന്നു വരും. സേനയുടെ സൽപ്പേരു നിലനിറുത്താൻ അസാധാരണ സാഹചര്യങ്ങളിൽ ഇതുപോലുള്ള കടുത്ത നടപടികൾ വേണ്ടിവരും. കാക്കിയുടെ ബലത്തിൽ കൊടിയ ഹീനകൃത്യങ്ങൾക്കു മുതിരുന്ന സേനാംഗങ്ങൾക്കുള്ള മികച്ച സന്ദേശമായിരിക്കും അത്.