
രണ്ട് മഹാമനസുകൾ സംഗമിച്ച ചരിത്ര മുഹൂർത്തമെന്നും കെ. ജയകുമാർ
ശിവഗിരി: ഭാരതീയ ആത്മീയ, കാവ്യ പാരമ്പര്യത്തിന്റെ ദണ്ഡ നമസ്കാരമാണ് ടാഗോറിന്റെ സന്ദർശനത്തിലൂടെ ഒരു നൂറ്റാണ്ട് മുമ്പ് ശിവഗിരിയിൽ സംഭവിച്ചതെന്ന് പ്രശസ്ത കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പറഞ്ഞു. ഭാരതത്തിന്റെ കാവ്യമാനസത്തിന്റെ പ്രതീകമായിരുന്നു ടാഗോർ. ആ കാവ്യഹൃദയമാണ് ഗുരുദേവന് മുന്നിൽ അഞ്ജലീബദ്ധനായി നിന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുദേവൻ -രവീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ കാവ്യാർച്ചന ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയകുമാർ.
രണ്ട് മഹാമനസുകൾ കൂട്ടിമുട്ടിയതിന്റെ ചരിത്ര മഹാമുഹൂർത്തത്തെയാണ് ഈ ആഘോഷത്തിലൂടെ വീണ്ടെടുക്കുന്നത്. മഹാകവി ടാഗോർ ഇന്ത്യയുടെ ആത്മീയ കാവ്യധാരയുടെ ഏറ്റവും വലിയ പ്രതീകമായിരുന്നു. ഋഷി കവിയായും കവി ഋഷിയായും മാറുന്ന വലിയ തത്വചിന്തയുടെ ആത്മാവ് സ്വാംശീകരിച്ചെടുത്ത തന്റെ കവിത അവതരിപ്പിച്ചപ്പോൾ, ഭാരതീയ കവിതാലോകത്തിന് ഇത്ര വലിയ സൗന്ദര്യമോയെന്ന് പാശ്ചാത്യ ലോകം വിസ്മയിച്ചു. അന്ന് ലോക മഹായുദ്ധം ആരംഭിച്ചിരുന്നില്ല. പക്ഷേ, യുദ്ധത്തിന്റെയും വൈരാഗ്യത്തിന്റെയും ശത്രുതയുടെയുമൊക്കെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്ന യൂറോപ്പിന്റെ കലുഷിതമായ ഹൃദയത്തിലേക്കാണ് ശാന്തിമന്ത്രം പോലെ ടാഗോറിന്റെ ഗീതാഞ്ജലി കടന്നു ചെല്ലുന്നത്. യൂറോപ്യൻ ഹൃദയത്തിൽ കുളിർമഴയായി അത് പെയ്തിറങ്ങി. കവിതയുടെ അവാച്യമായ സൗന്ദര്യം ഇങ്ങനെയും സാദ്ധ്യമാവുമല്ലോ എന്ന വിസ്മയഭരിതമായ ചിന്തയാണ് നോബൽ സമ്മാനം ടാഗോറിലേക്ക് എത്തിച്ചത്.
ടാഗോർ കവിതകൾ എന്തു കൊണ്ടാണ് പതിറ്റാണ്ടുകളെ അതിജീവിച്ച് ഇന്നും പ്രസക്തമാവുന്നത്?. ഗീതാഞ്ജലി ഇപ്പോൾ വായിക്കുമ്പോഴും നമ്മുടെ ഹൃദയം വികസിക്കുന്നതെന്തു കൊണ്ടാണ്?. ഉപനിഷത്തിന്റെ സത്തയും പാരമ്പര്യമായ കാവ്യ സംസ്കാരവും വൈഷ്ണവ സങ്കീർത്തനങ്ങളുടെ സത്തയും എല്ലാം ഉൾക്കൊണ്ട കവിത്വമാണ് ആ കാവ്യഹൃദയത്തിൽ ആത്മീയതും ഭൗതികതയും സമന്വയിപ്പിച്ചത്. ടാഗോർ കൃതികളുടെ കാതൽ അതാണ്. ദൈവത്തെ അറിയാനോ, ആത്മീയ സത്യത്തെ ഉപാസിക്കാനോ ടാഗോർ ജീവിതം ഉപേക്ഷിച്ചില്ല. ജീവിതം മുഴുവൻ പരിത്യജിച്ചിട്ട് സർവസംഘ പരിത്യാഗിയായി ഏതെങ്കിലും ഗുഹയിൽ ഇരുന്നാലേ ആത്മീയ സത്യം വെളിപ്പെടൂ എന്ന വിചാരവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മനുഷ്യരിലും ജീവജാലങ്ങളിലും ദൈവത്തിന്റെ സാന്നിദ്ധ്യം ദർശിക്കാനാവുമെന്ന് ചിന്തിച്ച മഹാമനീഷിയാണ് ടാഗോർ.
ആ ടാഗോറാണ്, ഭാരതീയ പാരമ്പര്യത്തെ തന്റെ അനുഭവസാക്ഷ്യത്തിലൂടെ സ്വാംശീകരിച്ച മഹാനായ ഗുരുദേവന്റെ മുന്നിൽ വന്നത്. രണ്ട് പേരും ജീവിത യാഥാർത്ഥ്യങ്ങളും ആത്മീയ യാഥാർത്ഥ്യങ്ങളും ഉൾക്കൊണ്ടവരാണ്. കവിയായ ടാഗോർ ആത്മീയതയെ പുണരുമ്പോൾ, സ്വയം ആത്മീയതയിൽ അഭിരമിച്ച് ആത്മസാക്ഷാത്കാരം സിദ്ധിച്ച കവിയായി ഗുരുദേവൻ. ടാഗോറിന്റെ പ്രാഥമിക സ്വത്വം കവിയുടെ സ്വത്വമാണ്. എന്നാൽ, ഗുരുദേവന്റെ സ്വത്വം ആത്മസാക്ഷാത്കാരമാണ്. ഗുരുദേവന്റെ വാക് പ്രഭാവത്തിൽ അദ്ദേഹത്തിന്റെ കവിത്വ സിദ്ധി ആദിശങ്കരനൊപ്പം ചേർത്തുവയ്ക്കാവുന്നതാണ്. ആത്മീയ സാക്ഷാത്കാരത്തിന്റെ വക്കിലാണ് ടാഗോർ നിന്നത്. അതിനാലാണ് അദ്ദേഹത്തിന് വീണ്ടും കവിതകൾ എഴുതാനായത്. സാക്ഷാത്കാരം പൂർണ്ണമായാൽ പിന്നെ കവിത എഴുത്ത് സാദ്ധ്യമാവണമെന്നില്ല. ഗുരുദേവൻ ആത്മീയ സാക്ഷാത്കാരത്തിന് ശേഷം കവിത എഴുതിയിട്ടില്ല. ജീവിതത്തെ സ്നേഹിച്ചും, ജീവിത മൂല്യങ്ങളെ ഉപാസിച്ചുമാണ് മുന്നോട്ടു പോകേണ്ടതെന്ന സത്യമാണ് രണ്ട് മഹാത്മാക്കളും കാട്ടിത്തന്നതെന്നും ജയകുമാർ പറഞ്ഞു.
'ഒരു നക്ഷത്രത്തിന്റെ വെളിച്ചം എത്തും മുമ്പ്" എന്ന കവിത ജയകുമാർ ആലപിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ പി.എം. മധു നന്ദിയും പറഞ്ഞു.