dog

പാലോട്: നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൂട്ടം ശല്യമാകുന്നു. ഇതിനായി അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്താ ക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവ് നായശല്യമുള്ളത്. രാത്രിയായാൽ തെരുവ്നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകുന്നതിനാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നത്.ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. പൊതുജനങ്ങളെ ഉപദ്രവിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കാറുണ്ട്. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്. ഒഴിഞ്ഞ പറമ്പുകൾ,​ പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് ഇവറ്റകളുടെ പ്രധാന താവളം. പൊതുനിരത്തിൽ കൂടി നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പാലോട് പെട്രോൾ പമ്പിന് സമീപം വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച തെരുവ്നായ്ക്കളെ നാട്ടുകാർ ഓടിച്ചുവിട്ടിരുന്നു. കൂടാതെ നായശല്യത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവർ ഇരുചക്രവാഹന യാത്രക്കാരാണ്. തെരുവ് വിളക്കുകൾ ഇല്ലാത്ത മേഖലകളിൽ അപകടത്തിൽപ്പെടുന്ന യാത്രികരാണ് ഏറെയും. ഈ സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി ആവശ്യമാണ് .

നടപടി സ്വീകരിക്കാതെ അധികൃതർ

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കുന്നതിനായി കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി വേണ്ടത്. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ഓരോ പഞ്ചായത്തും നിശ്ചിത തുക പദ്ധതിയിലേക്കായി നൽകണമെന്ന സർക്കാർ നിർദ്ദേശത്തിന്മേൽ പഞ്ചായത്തധികാരികൾ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ പഞ്ചായത്തുകളിലെയും തെരുവുനായ്ക്കളുടെ എണ്ണമെടുക്കണമെന്ന നിർദ്ദേശം വന്നെങ്കിലും,​​ നടപടിക്രമങ്ങൾ പാലിക്കാതെ ഇരുന്നൂറോളം നായ്ക്കൾ ഉണ്ടെന്ന കണക്കാണ് പല പഞ്ചായത്തും സർക്കാരിലേക്ക് നൽകിയത്.

വാമനപുരം ബ്ലോക്കിന്റെ നിയന്ത്രണത്തിൽ, തെരുവു നായ്ക്കളെ സംരക്ഷിക്കാനുള്ള എ.ബി.സി പ്രോഗ്രാമിനായുള്ള കേന്ദ്രം പാങ്ങോട് പഞ്ചായത്തിലാണ് സർക്കാർ നിർദേശിച്ചിരുന്നത്. നടപടിക്രമങ്ങൾ തുടങ്ങാത്തതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

ശൈലജാ രാജീവൻ

നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഇറച്ചിക്കടകളും ഹോട്ടലുകളുമാണ് പ്രധാന പ്രതിസന്ധിയാകുന്നത്. ഇവർ പൊതുനിരത്തിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുള്ള നായ്ക്കളാണ് കൂടുതൽ ആക്രമണകാരികളാകുന്നത്. ഇത്തരം കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായാൽ ഒരുപരിധിവരെ തെരുവുനായ് ശല്യം ഒഴിവാക്കാം.

സനിത്കുമാർ

പൊതുപ്രവർത്തകൻ