തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.പൊലീസ് നിരവധി തവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഒരു മണിക്കൂറിലേറെ എം.ജി റോഡിൽ ഗതാഗതം സ്തംഭിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് മാർച്ച് അക്രമാസക്തമായത്. പ്രവർത്തകർ സംഘടിച്ചെത്തി ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം സംഘർഷത്തിന് തുടക്കമായി. പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. മഴയ്‌ക്കൊപ്പം ജലപീരങ്കി പ്രയോഗവുമായതോടെ തെറിച്ചുവീണ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.തുടർന്ന് പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിൽ ചിതറി ഓടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പ്രതിഷേധം തുടർന്നു. കൊടികെട്ടിയ വടികൾ പൊലീസിന് നേർക്ക് വലിച്ചെറിഞ്ഞും പൊലീസ് വാഹനത്തിന് അടിച്ചും പ്രവർത്തകർ അരിശം തീർത്തു.സംഘർഷം നിയന്ത്രിക്കാനായി നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെ പത്തുപേരെ റിമാൻഡ് ചെയ്തു. മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷനായി. എം.വിൻസെന്റ് എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷമാസ്, ആൻ സെബാസ്റ്റ്യൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്,നേതാക്കളായ സെയ്തലി കായ്പ്പാടി,ബാഹുൽകൃഷ്ണ, ആദർശ് ഭാർഗവൻ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ ചുമതലേയറ്റെടുത്ത ശേഷം നടത്തിയ ആദ്യ സെക്രട്ടേറിയറ്റ് മാർച്ചിൽ പെൺകുട്ടികളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.