തിരുവനന്തപുരം: സംസ്ഥാനത്തെ വി.സി നിയമനകാര്യത്തിൽ സുപ്രീംകോടതിയിൽ സർക്കാരും ഗവർണറും തോറ്റെന്നും നിയമനങ്ങൾ മുഴുവൻ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു പറഞ്ഞ പ്രതിപക്ഷമാണ് വിജയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ കബളിപ്പിച്ച് ഗവർണറും സർക്കാരും ക്യാറ്റ് ആൻഡ് മൗസ് ഗെയിം കളിക്കുകയാണ്. വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഗൂഢാലോചന നടത്തി. കണ്ണൂർ വി.സി നിയമനത്തിനായി മുഖ്യമന്ത്രി രാജ്ഭവനിൽ പോയി കാല് പിടിച്ചപ്പോൾ ഒപ്പിട്ട് നൽകിയ ആളാണ് ഗവർണർ. കണ്ണൂർ വി.സി നിയമനത്തിൽ ഒപ്പിടുന്നതിന് പകരമായി സ്റ്റാഫിൽ നിയമിക്കേണ്ട ആർ.എസ്.എസുകാരന്റെ പേര് മുഖ്യമന്ത്രിക്ക് ഗവർണർ എഴുതി നൽകി. ഗവർണർ എഴുതിക്കൊടുത്ത സംഘപരിവാറുകാരനെ പിണറായി രാജ്ഭവനിൽ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സർവകലാശാലകളുടെ കമ്യൂണിസ്റ്റുവത്കരണവും ഗവർണറുടെ സംഘപരിവാർ നീക്കങ്ങളെയും ചെറുത്ത് തോല്പിക്കും.

അർഹതയില്ലാത്തവരെ നിയമിക്കുന്ന കളി സംസ്ഥാനത്ത് ഇനി നടക്കില്ല. ജനങ്ങളെ കബളിപ്പിക്കാനായി രാജ്ഭവനിലേക്ക് മാർച്ച് നടത്തുകയാണ് സർക്കാർ. കോടതി വിധികളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർമാർ രാജിവച്ച് പുറത്തുപോകണമെന്നും സതീശൻ പറഞ്ഞു.