
തുടരന്വേഷണവും ക്രൈംബ്രാഞ്ചിന് നൽകിയേക്കും
തിരുവനന്തപുരം: താല്ക്കാലിക നിയമനം നൽകാൻ സി.പി.എമ്മുകാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയതെന്ന തരത്തിൽ പ്രചരിച്ച വിവാദകത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ വിജിലൻസും ഇരുട്ടിൽ തപ്പുന്നു.
മേയർ,പാർലമെന്ററി പാർട്ടി ലീഡർ ഡി.ആർ അനിൽ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,മേയറുടെ ഓഫീസ് ക്ളാർക്കുമാരായ വിനോദ്,ഗിരീഷ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയെങ്കിലും നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ല.കത്ത് വ്യാജമെന്ന് റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ചിനും ഉറവിടം കണ്ടെത്താനായിട്ടില്ല.
ഇങ്ങനെയൊരു കത്തുണ്ടോ?,ആര് തയ്യാറാക്കി കൊടുത്തു?, കത്തുപ്രകാരം നിയമനം നടന്നോ? തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. മേയർ,നഗരസഭ സെക്രട്ടറി,ഡി.ആർ അനിൽ എന്നിവരുടെ ഓഫീസിലെ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യും.
കത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിന് തന്നെ നൽകാനാണ് സാദ്ധ്യത.മേയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയത്. റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറിയില്ലെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് മേധാവിയും ഡി.ജി.പിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
എന്റെ കത്ത്
കീറിക്കളഞ്ഞു:
ഡി.ആർ അനിൽ
എസ്.എ.ടിയിലെ താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കിയ ദിവസം തന്നെ നശിപ്പിച്ചതായി നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ അനിൽ വിജിലൻസിന് മൊഴി നൽകി. പ്രചരിച്ച കത്ത് താൻ എഴുതിയതാണെന്ന് ഡി.ആർ അനിൽ നേരത്തെ സമ്മതിച്ചിരുന്നു.
കുടുംബശ്രീയ്ക്കുവേണ്ടി എഴുതിയതായിരുന്നുവെന്നും ആവശ്യമില്ലെന്നു കണ്ട് കീറി കളഞ്ഞുവെന്നുമാണ് അനിൽ മൊഴി നൽകിയത്.
മേയറുടെ കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അനിൽ മൊഴിനൽകിയിരിക്കുന്നത്. താൻ കൂടി ഉൾപ്പെട്ട ഗ്രൂപ്പിൽ മേയറുടെ കത്തിന്റെ സ്‌ക്രീൻഷോട്ടാണ് വന്നതെന്നും മൊഴി നൽകി.