തിരുവനന്തപുരം : ഇടവിട്ടുള്ള മഴയ്ക്കൊപ്പം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഈ വർഷം ഇതുവരെ 681 ഡെങ്കിപ്പനി കേസുകളും ആറ് മരണവും ഉണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് 26 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക കാമ്പെയിനിന് ഇന്നലെ തുടക്കമായി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാദ്ധ്യതയുണ്ട്.19 വരെ ഊർജ്ജിത ഉറവിട നശീകരണ പ്രവർത്തനം നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഉറവിട നശീകരണം നടത്തുന്നത്. ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ട ദിവസങ്ങൾ: വെള്ളിയാഴ്ച - വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ശനിയാഴ്ച -ഓഫീസുകൾ/ സ്ഥാപനങ്ങൾ, ഞായറാഴ്ച -വീടുകൾ. റബ്ബർ,പൈനാപ്പിൾ തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും എല്ലാ ആഴ്ചയും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനം നടപ്പിലാക്കണം. 20 മുതൽ 26 വരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, ആരോഗ്യസേനാംഗങ്ങൾ,ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ എന്നിവ സന്ദർശിച്ച് നശീകരണ പ്രവർത്തനം കാര്യക്ഷമമായി നടന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.