തിരുവനന്തപുരം: ബഹുസ്വരതയും സാമ്പത്തികസ്ഥിരതയും ഇല്ലാതായാൽ രാജ്യം വീണ്ടും സംഘർഷഭൂമിയാകുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. നെഹ്റുവിയൻ നയങ്ങളിലേക്ക് മടങ്ങിയാലേ രാജ്യത്തിന് തിരിച്ചുവരവ് നടത്താനാവുയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനത്തിന് ശേഷം ഇന്ത്യയെ കലാപഭൂമിയാകാതെ സംരക്ഷിച്ചത് നെഹ്റുവിന്റെ ഭരണനൈപുണ്യമാണ്. മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന വാദഗതിയുണ്ടായപ്പോൾ അതിനെ ചെറുത്ത് ഇന്ത്യയെ ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതിൽ നെഹ്റു വഹിച്ച പങ്ക് വളരെ വലുതാണ്. നെഹ്റുവും അംബേദ്ക്കറും വിഭാവന ചെയ്ത ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ മോദി സർക്കാർ വെള്ളം ചേർക്കുകയാണ്. നെഹ്റുവിനെ തമസ്‌കരിക്കാൻ ശ്രമം നടക്കുന്നുവെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എൻ. ശക്തൻ, ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ജി. സുബോധൻ, പാലോട് രവി, ടി. ശരത്ചന്ദ്ര പ്രസാദ്, വി.എസ്. ശിവകുമാർ, വർക്കല കഹാർ, മണക്കാട് സുരേഷ്, പന്തളം സുധാകരൻ, നെയ്യാറ്റിൻകര സനൽ, കെ.മോഹൻകുമാർ, കമ്പറ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.