
വക്കം: വാക്ക് തർക്കം ഒഴിവാക്കാൻ ശ്രമിച്ച സ്ത്രീകളെ അക്രമിച്ച യുവാക്കൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ തിനവിള എ.കെ നഗറിൽ കാട്ടുവിള വീട്ടിൽ ലീലയെയും സഹോദരി ശ്യാമളയെയും ആക്രമിച്ച യുവാക്കളെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്യാമളയുടെ മകനും പ്രതികളും തമ്മിലുള്ള വാക്ക് തർക്കം പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയാണ് സ്ത്രീകളെ യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ അയിരൂർപാറ വില്ലേജിൽ കാട്ടായിക്കോണം ചന്തവിളയിൽ ചന്തു എന്ന് വിളിക്കുന്ന അരുൺകുമാർ (27), തിനവിള എ.കെ നഗറിൽ കട്ടവള വീട്ടിൽ ഞരമ്പ് എന്ന് വിളിക്കുന്ന ബിജു (45) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അരുൺ കുമാറിനെ പോത്തൻകോട് നിന്നും ബിജുവിനെ കീഴാറ്റിങ്ങൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.വി,സബ് ഇൻസ്‌പെക്ടർ ദീപു എസ്.എസ്,എസ്.സി.പി.ഒ ജ്യോതിഷ് കുമാർ, സി.പി.ഒമാരായ ഡാനി.എസ്, ബാബു,സുജിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമത്തിനുശേഷം ഒളിവിൽ പോയ മറ്റു പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.