
ഉദിയൻകുളങ്ങര: ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കടയുടമയായ സ്ത്രീയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നു. അമരവിള സി.എസ്.ഐ പള്ളിക്ക് സമീപം എസ്.ബി ഫാൻസി സ്റ്റോർ നടത്തുന്ന രാമേശ്വരം മുഴിമൻതോട്ടം ഏദനിൽ ഷൈലജ (58) യുടെ ആറ് പവൻ മാലയാണ് പൊട്ടിച്ചത്. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം. കടയിൽ സാധനം ആവശ്യപ്പെട്ടെത്തിയ യുവാക്കളിൽ ഒരാളാണ് മാല പൊട്ടിച്ചത്. 25 വയസ് തോന്നിക്കുന്ന ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച ഷൈലജയുടെ കഴുത്തിന് മുറിവേറ്റു. പിടിവലിയിൽ കടയിലെ ചില്ലുപെട്ടിയോടൊപ്പം നിലത്തുവീണ് ഇവരുടെ മുതുകിലും കൈയ്ക്കും പൊട്ടിയ ചില്ലുതറച്ചുപരിക്കുണ്ട്. പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ തെളിവെടുത്തു. പ്രദേശത്തെ സി.സി.ടിവി കാമറകൾ പരിശോധിച്ചുവരുന്നതായും മോഷ്ടാക്കളെപ്പറ്റി സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.