pinarayi-vijayan

തിരുവനന്തപുരം: മയക്കുമരുന്ന് വില്പന നടത്തുന്നവരെയും അതിന് അടിമപ്പെടുന്നവരെയും കുറിച്ചുള്ള വിവരങ്ങൾ അധികൃതരോട് പങ്കുവയ്ക്കാൻ മടിക്കേണ്ടതില്ലെന്നും ഇത്തരത്തിൽ വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന 'നോ ടു ഡ്രഗ്സ്" ബഹുജന കാമ്പെയിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾക്കായി നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാമ്പെയിന്റെ ഒന്നാംഘട്ടം വൻ വിജയമായിരുന്നു, എന്നാൽ മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള ചില രീതികളുണ്ടായി. മയക്കുമരുന്നിന് അടിപ്പെട്ടു പോയവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാതെ മൗനംപാലിക്കുന്നത് അവരെ കൂടുതൽ മോശം അവസ്ഥയിലേക്കെത്തിക്കും. സ്‌കൂൾ വളപ്പിലും പരിസരങ്ങളിലും മയക്കുമരുന്ന് വില്പനയോ കൈമാറ്റമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറണം. ഇതിനുള്ള ഫോൺ നമ്പറും മേൽവിലാസവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ നമ്പറിൽ ബന്ധപ്പെടാൻ ഒട്ടും മടിക്കരുത്. വിവരം കൊടുത്താൽ അത് താനാണു നൽകിയതെന്ന് പുറത്ത് അറിയുമോയെന്ന ഭയം വേണ്ട. രഹസ്യമായി ആ വിവരസ്രോതസ് സൂക്ഷിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. കാമ്പെയിനിന്റെ ആദ്യഘട്ടത്തിൽ മയക്കുമരുന്നിന് അടിമപ്പെട്ടുപോകുന്നതായി കണ്ടെത്തിയ കുട്ടികളുടെ പേര് പരസ്യപ്പെടുത്താതെ ആവശ്യമായ ചികിത്സയും ബോധവത്കരണവും നൽകി. വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശമടങ്ങിയ 'തെളിവാനം വരയ്ക്കുന്നവർ" എന്ന പുസ്തകം ഡിസംബർ 4 മുതൽ 10വരെ സ്കൂളുകളിൽ കുട്ടികൾ വായിക്കണം. ജനുവരി 26വരെ നീണ്ടു നിൽക്കുന്ന രണ്ടാംഘട്ട കാമ്പെയിന് ശേഷം ജനകീയ കാമ്പെയിൻ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.