milma

തിരുവനന്തപുരം: ഡിസംബർ ഒന്നുമുതൽ സംസ്ഥാനത്ത് പാൽ വില ലിറ്ററിന് ആറു രൂപ വർദ്ധിപ്പിച്ചേക്കും. ഇതോടെ ജനം ഏറ്റവുമധികം ഉപയോഗിക്കുന്ന മിൽമയുടെ നീലക്കവർ പാൽ 46 രൂപയിൽ നിന്ന് ലിറ്ററിന് 52 രൂപയിലെത്തും. മറ്റ് കവർ പാലുകൾക്കും ആനുപാതികമായി വില കൂടും. ഉത്പാദനച്ചെലവ് കൂടിയതിനാൽ ക്ഷീരകർഷകരെ സഹായിക്കാൻ പാൽവില കൂട്ടണമെന്ന് മിൽമ ഉടൻ സർക്കാരിനോട് ആവശ്യപ്പെടും. ചർച്ചയ്ക്കുശേഷം ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകും.

ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ കർഷകന് 8.57 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന് മിൽമ നിയോഗിച്ച വെറ്ററിനറി, കാർഷിക സർവകലാശാലകളിലെ വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടുരൂപയെങ്കിലും വർദ്ധിപ്പിക്കണമെന്നാകും മിൽമ സർക്കാരിനോട് ആവശ്യപ്പെടുക. എന്നാൽ, ഇത്രയധികം കൂട്ടുന്നത് എതിർപ്പ് ക്ഷണിച്ചു വരുത്തുമെന്നതിനാൽ ആറു രൂപയിലധികം കൂട്ടാൻ സർക്കാരിന് താത്പര്യമില്ല.

വർദ്ധിപ്പിക്കുന്ന തുകയുടെ 82 ശതമാനവും കർഷകന് ലഭിക്കും. ശേഷിക്കുന്ന 18 ശതമാനം സൊസൈറ്റി, ഏജൻസി, മേഖല യൂണിയൻ എന്നിവയ്ക്കാണ്. 2019 സെപ്തംബർ 19നാണ് വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു വർദ്ധന. നിലവിൽ രാജ്യത്ത് പാൽവില ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വീണ്ടും വില വർദ്ധിപ്പിക്കുന്നത് വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ജനങ്ങൾക്ക് കനത്ത തിരിച്ചടിയാകും.

എത്ര രൂപ കൂട്ടണമെന്ന് മിൽമയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. വിലകൂട്ടാതെ വഴിയില്ല.

-മന്ത്രി ജെ.ചിഞ്ചുറാണി

'' പാൽവില കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷമാകും തീരുമാനം.

-കെ.എസ്.മണി,

ചെയർമാൻ, മിൽമ