
തിരുവനന്തപുരം: ഇ- ഗവേണൻസ് സംവിധാനം വ്യാപകമായതോടെ അതിനൊപ്പം വേഗത്തിൽ പ്രവർത്തിക്കാൻ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾക്ക് കഴിയുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് അവ ഒഴിവാക്കി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പകരം ലാപ്ടോപ്പുകൾ നൽകാൻ തീരുമാനം. 2.81കോടി ചെലവിട്ട് 4000ത്തോളം അത്യാധുനിക ലാപ്ടോപ്പുകൾ വാങ്ങും. ആദ്യഘട്ടത്തിൽ
700 കമ്പ്യൂട്ടറുകളാകും ഒഴിവാക്കുക. ചുമതല ഐ.ടി മിഷനും കെൽട്രോണിനും.
ഘട്ടംഘട്ടമായിട്ടാകും കമ്പ്യൂട്ടറുകൾ ഒഴിവാക്കുക. പത്തുവർഷം പഴക്കമുള്ളവയാകും തുടക്കത്തിൽ ഒഴിവാക്കുക. ആദ്യം നടപ്പാക്കുന്നത് ധനവകുപ്പിൽ. ലാപ്‌ടോപ്പിന്റെ ഉത്തരവാദിത്വം ജീവനക്കാർക്കായിരിക്കും. നഷ്ടപ്പെട്ടാൽ അതിന് തുല്യമായ തുക ജീവനക്കാരനിൽ നിന്ന് ഈടാക്കും.
യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന ലാപ്‌ടോപ്പുകൾ മറ്റാർക്കും കൈമാറാൻ പാടില്ല. ട്രാൻസ്‌ഫർ, ഡെപ്യൂട്ടേഷൻ, റിട്ടയർമെന്റ് തുടങ്ങിയ അവസരങ്ങളിൽ തിരിച്ചേൽപ്പിക്കണം. ഉപയോഗം ഓഫീസ് കാര്യങ്ങൾക്കു മാത്രമായിരിക്കണം. സെക്രട്ടേറിയറ്റിൽ പൂർത്തിയായശേഷം മറ്റ് സർക്കാർ വകുപ്പുകളിലും ഘട്ടംഘട്ടമായി നടപ്പാക്കും.