
തിരുവനന്തപുരം: നെഹ്‌റുവിനെ ചാരി തന്റെ വർഗീയ മനസിനെയും ആർ.എസ്.എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് നെഹ്‌റു. കോൺഗ്രസിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർ.എസ്.എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്. തനിക്കു തോന്നിയാൽ ബി.ജെ.പിയിൽ പോകുമെന്നും ആളെ അയച്ച് ആർ.എസ്.എസ് ശാഖയ്ക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞശേഷം തന്റെ ആ ചെയ്തികളെ ജവഹർലാൽ നെഹ്‌റുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാദ്ധ്യത യഥാർത്ഥ കോൺഗ്രസുകാർക്കുണ്ട്.