
തിരുവനന്തപുരം: ദേശീയ തലത്തിൽ നാക് എ പ്ലസ് പ്ലസ് അക്രഡിറ്റേഷനുള്ള കേരള സർവകലാശാലയിലെ കോളേജുകളിൽ ബിരുദ സീറ്റുകളിൽ ആളില്ല. കാലിയായി കിടക്കുന്നു. എം.ജി, കാലിക്കറ്റ് വാഴ്സിറ്റികളിലും സമാന സ്ഥിതിയുണ്ട്. ഗുണനിലവാരമില്ലായ്മ കാരണം വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിന് പോവുന്നതാണ് കാരണം. സിലബസ് പരിഷ്കരിക്കാത്തതും സമയത്ത് പരീക്ഷയും ഫലപ്രഖ്യാപനവും നടത്താത്തതും കുട്ടികളെ അകറ്റുന്നു.
കേരളയിലെ 14 ഗവ. കോളേജുകളിൽ 192സീറ്റുകളും, 39 എയ്ഡഡ് കോളേജുകളിൽ 2446 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. സർവകലാശാല നേരിട്ട് നടത്തുന്ന 34 യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികളിലും, 60 സ്വകാര്യ സ്വാശ്രയ കോളേജുകളിലുമായി 50ശതമാനത്തോളം സീറ്റുകൾ കാലിയാണ്. മുൻ വർഷങ്ങളിൽ മൂന്ന് അലോട്ട്മെന്റുകളും ഒരു സ്പോട്ട് അഡ്മിഷനും പൂർത്തിയാവുമ്പോൾ സീറ്റുകൾ നിറയുമായിരുന്നു. ഇത്തവണ നാല് അലോട്ട്മെന്റുകളും രണ്ട് സ്പോട്ട് അലോട്ട്മെന്റും നടത്തിയ ശേഷമാണ് ഇത്രയും സീറ്റുകൾ ഒഴിഞ്ഞത്.
ഉയർന്ന മാർക്കുള്ളവർ ബിരുദ, പ്രൊഫഷണൽ കോഴ്സുകൾക്കായി അന്യസംസ്ഥാനങ്ങളിലും വിദേശത്തേക്കും പോവുകയാണ്. മാർക്ക് താരതമ്യേ കുറഞ്ഞവർ സയൻസ് വിഷയങ്ങൾ പഠിക്കാൻ താത്പര്യം കാട്ടുന്നില്ല. മിക്ക എയ്ഡഡ് കോളേജുകളിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് കൂടുതൽ സീറ്റൊഴിവ്. സർക്കാർ പുതുതായി അനുവദിച്ച ന്യൂജനറേഷൻ കോഴ്സുകളോടും വിദ്യാർത്ഥികൾക്ക് താത്പര്യം കുറവാണ്. ഈ കോഴ്സുകളിൽ കരാറടിസ്ഥാനത്തിലുള്ള അദ്ധ്യാപകരാണ്. ജോലി സാദ്ധ്യത കുറവാണെന്നതും തിരിച്ചടിയായി. യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന യു.ഐ.ടികളിൽ മതിയായ അടിസ്ഥാനസൗകര്യമോ യോഗ്യതയുള്ള അദ്ധ്യാപകരോ ഇല്ലെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. സ്വാശ്രയ കോളേജുകളിൽ കനത്ത ഫീസ് നൽകാൻ കഴിവില്ലാത്തവർ സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കുമെന്നതിനാൽ സ്വാശ്രയ കോളേജുകളിലും സീറ്റ് കാലിയാണ്.