തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. രണ്ട് ദിവസത്തെ ഇടവേളയ്‌ക്കുശേഷം നഗരസഭ ഇന്നലെയും പ്രതിഷേധക്കളമായി മാറി. രാവിലെ ബി.ജെ.പിയുടെ കൗൺസിലർമാരാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. അവർ നഗരസഭയ്‌ക്കുള്ളിൽ ധർണയും നടത്തി. ധർണ കഴിഞ്ഞ് മുദ്രാവാക്യവുമായി കൗൺസിലർമാർ നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിക്കുകയായിരുന്നു.
ഭരണസമിതി പിരിച്ചുവിടുക എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇതേസമയം പൊലീസ് സുരക്ഷയിൽ നഗരസഭയിലെത്തിയ മേയർക്കെതിരെ ബി.ജെ.പി നേതാക്കൾ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. രാജിവയ്‌ക്കാതെ മേയറെ നഗരസഭയുടെ പടി കയറ്റില്ലെന്ന് ബി.ജെ.പി കൗൺസിലർമാർ വ്യക്തമാക്കി. ഇതേസമയം യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കുള്ളിൽ
പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കി. ഇതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് ജില്ലയിൽ പ്രതിഷേധദിനം ആചരിക്കും. താത്കാലിക നിയമനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് വിജിലൻസ് ഡയറക്ടർക്ക് ഇന്നലെ പരാതി നൽകി.
മേയറുടെ വാഹനത്തിൽ
കരിങ്കൊടി കെട്ടി യു.ഡി.എഫ്
മേയർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർ മേരി പുഷ്പം പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന മേയറുടെ കാറിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. തുടർന്ന് മ്യൂസിയം എസ്.ഐ ജിജുകുമാർ കരിങ്കൊടി ഉടനെ അഴിച്ചുമാറ്റി കൗൺസിലറെ പിന്തിരിപ്പിച്ചു. ഇതിൽ പ്രകോപിതരായ കൗൺസിലർമാരും പൊലീസും വാക്കേറ്റമായി.
പൊലീസിന് നേരെ
കസേരയേറ്
യു.ഡി.എഫ് കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ നഗരസഭയിൽ പ്രവേശിക്കാൻ ശ്രമിച്ചത് സംഘർത്തിനിടയാക്കി. ആദ്യം യു.ഡി.എഫ് പ്രതിഷേധക്കാർ നഗരസഭാ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പ്രവർത്തകർ ഗേറ്റിന്റെ പൂട്ട് പൊളിച്ചെങ്കിലും പൊലീസ് ഇവരെ തടഞ്ഞുനിറുത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്.
കൂടുതൽ പൊലീസെത്തി പ്രതിഷേധക്കാരെ നഗരസഭയിൽ പ്രവേശിക്കാതെ തടഞ്ഞു. ഇതിനിടെ പൊലീസും പ്രവർത്തകരും വാക്കേറ്റവും കൈയാങ്കളിയുമായി. മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്നതിനിടെ യു.ഡി.എഫ് സമരപ്പന്തലിൽ നിന്ന് പ്രവർത്തകർ രണ്ട് കസേരയും ഒരു ഫ്ലക്‌സ് ബോർഡും പൊലീസിന് നേരെ വലിച്ചെറിഞ്ഞു. ഇത് തടഞ്ഞ എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന്റെ തോളെല്ലിന് പൊട്ടലുണ്ട്. മതിൽ ചാടിക്കടന്ന കോൺഗ്രസ് പ്രവർത്തകയെയും ചാടിക്കടക്കാൻ ശ്രമിച്ച പഞ്ചായത്തംഗം ഓമനെയും പൊലീസ് അറസ്റ്റുചെയ്‌തു നീക്കി. പൊലീസിന് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
സമരം ശക്തമാക്കാൻ യു.ഡി.എഫ്
നാളെ മുതൽ നഗരസഭയിൽ യു.ഡി.എഫ് സമരം ശക്തമാക്കും. തുടക്കമെന്ന നിലയിൽ നാളെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിലും 17ന് യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെ യും നേതൃത്വത്തിൽ നഗരസഭയിലേയ്ക്ക് മാർച്ച് സംഘടിപ്പിക്കും. 18 മുതൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിക്കും. ഹൈക്കോടതിയിൽ നഗരസഭയുടെ കേസ് പരിഗണിക്കുന്ന 25വരെ സത്യഗ്രഹം നടത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.