ngh

തിരുവനന്തപുരം: സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവം തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്കെതിരെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ലേബലിൽ ഇടതുമുന്നണി ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്താനിരിക്കെ, കുഫോസ് വി.സി നിയമനം അസാധുവാക്കിയ ഹൈക്കോടതി വിധി സർക്കാരിനും മുന്നണിക്കും പ്രഹരമായി.

സാങ്കേതിക സർവകലാശാലാ വി.സി നിയമനം അസാധുവാക്കിയുള്ള സുപ്രീംകോടതി വിധിയുടെ ചുവടു പിടിച്ചുള്ള ഹൈക്കോടതി വിധി, സർവകലാശാലാ വിഷയങ്ങളിൽ ഗവർണറുടെ നടപടിയെ സാധൂകരിക്കുന്നതാണെന്ന വാദത്തിന് ബലമേകുന്നു. എന്നാൽ, യു.ജി.സി പ്രതിനിധിയില്ലാത്ത സെർച്ച് കമ്മിറ്റിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതും തെറ്റാണെന്ന കോടതി പരാമർശം ഗവർണർക്കും സർക്കാരിനുമെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.

ഗവർണറുടെ നീക്കത്തെ സർക്കാർ പിന്തുണയോടെ വി.സിമാർ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴാണ് ,ഫിഷറീസ് സർവകലാശാലാ വി.സിക്കെതിരായ ഹൈക്കോടതി വിധി. സംഘപരിവാറിന് വേണ്ടിയുള്ള നീക്കമെന്നാരോപിച്ച് ഗവർണറുടെ ചാൻസലർ പദവി എടുത്ത് കളയാൻ സർക്കാർ ശ്രമിക്കുമ്പോൾ, ഹൈക്കോടതി വിധി ഗവർണർക്ക് തിരിച്ചടിക്കാനുള്ള ആയുധമാകുന്നു.വി.സിമാർക്കെതിരെ ഗവർണർ ഇനി വർദ്ധിത വീര്യത്തോടെ നീങ്ങുമെന്നുറപ്പ്.

ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന കളികളുടെ ഭാഗമാണ് ഗവർണറുടെ നടപടിയെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രതിനിധിയെക്കൂടി പങ്കെടുപ്പിച്ച് ഇന്നത്തെ രാജ്ഭവൻ പ്രതിഷേധ കൂട്ടായ്മയ്ക്ക് വിശാല രാഷ്ട്രീയമാനം നൽകാനും ശ്രമിക്കുന്നു. യോഗ്യരായ വി.സിമാരെയാണ് എല്ലായിടത്തും നിയമിച്ചിരിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. കുഫോസ് വി.സിയുടെ യോഗ്യതക്കാര്യത്തിൽ ഹൈക്കോടതിയും സംശയം പറഞ്ഞിട്ടില്ല. സെർച്ച് കമ്മിറ്റിയുടെ ഘടന തെറ്റിച്ചതും, മൂന്നംഗ പാനൽ സമർപ്പിക്കാതിരുന്നതും യു.ജി.സി ചട്ട ലംഘനമാണെന്നാണ് കണ്ടെത്തൽ.

ഗവർണറുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞത് ഈ മാസമാദ്യം എ.കെ.ജി ഹാളിൽ നടന്ന ഉന്നത വിദ്യാഭ്യാസ സംരക്ഷണ സെമിനാറിലാണ്. വി.സി സ്ഥാനത്തേക്ക് അപേക്ഷിക്കുന്ന പത്ത് പേരിൽ ഒമ്പത് പേരും അയോഗ്യരെന്ന് കണ്ടെത്തിയാൽ മൂന്ന് പേരുടെ പാനൽ വേണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർവകലാശാലാ നിയമമനുസരിച്ച് നിയമിതരായ വി.സിമാർക്കെതിരെ നടപടി പറ്റില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതി വിധിയിലൂടെ, ഈ വാദഗതികളാണ് നിരാകരിക്കപ്പെട്ടത്.