
പാറശാല: പാവപ്പെട്ട ഒരു രോഗിക്ക് പോലും ഇനി ഇൻസുലിൻ മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ പാറശാല സരസ്വതി ഹോസ്പിറ്റൽ ഇൻസുലിൻ ബാങ്ക് എന്ന നൂതന പദ്ധതി യാഥാർത്ഥ്യമാക്കി. ലോക പ്രമേഹ ദിനാചരണങ്ങളുടെ ഭാഗമായി പാറശാല സരസ്വതി ഹോസ്പിറ്റലിൽ ആരംഭിച്ച ഇൻസുലിൻ ബാങ്കിന്റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പഞ്ചാരവണ്ടിയുടെ ഉദ്‌ഘാടനം തിരുവനന്തപുരം ശാസ്തമംഗലത്ത് വി.കെ.പ്രശാന്ത് എം.എൽ.എയും, പാറശാലയിൽ നെയ്യാറ്റിൻകര എ.എസ്.പി ഫറാഷും ഫ്ലാഗ് ഓഫ് ചെയ്തു. മധുരച്ചങ്ങലയിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും മറ്റ് വിവിധ മേഖലയിലുള്ളവരും പങ്കെടുത്തു.തുടർന്ന് നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാലിദ്വീപ് കൗൺസിൽ ജനറൽ എം.എസ്.അമിനത്ത് അബ്ദുള്ള ദീദി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അലൈഡ് ഇൻഷ്വറൻസ് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് സുരേഷ് ആർ.എസിനെ ആദരിച്ചു. സരസ്വതി ഹോസ്പിറ്റലിൽ പുതിയതായി ആരംഭിച്ച ആധുനിക ഫോർ കെ ലാപ്രോസ്‌കോപ്പിക് യൂണിറ്റിന്റെ ഉദ്‌ഘാടനം തമിഴ്നാട് ഐ.ടി വകുപ്പ് മന്ത്രി മനോതങ്കരാജ് നിർവഹിച്ചു.
പാറശാല റോട്ടറി ക്ലബും സരസ്വതി ഹോസ്പിറ്റലും സംയുക്തമായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്‌കൂളുകളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ 'ജാഗ്രത' കെ.ആൻസലൻ എം.എൽ.എയും പ്രമേഹ വിദ്യാഭ്യാസ പദ്ധതിയായ സരസ്വതി 'ശിക്ഷാ രക്ഷിത്" എം.വിൻസെന്റ് എം.എൽ.എയും, റിട്ട.അദ്ധ്യാപകർക്കുള്ള പ്രത്യേക ഹൃദയ പരിചരണ പദ്ധതിയായ 'ഗുരുദക്ഷിണ' നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹനും ഉദ്‌ഘാടനം ചെയ്തു.
നൂറിൽപരം ബീറ്റിംഗ് ഹാർട്ട് ബൈപ്പാസ് സർജറികൾ പൂർത്തിയാക്കിയ സരസ്വതി ഹോസ്പിറ്റലിലെ ഡോ. യോഗനാഥൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. നാലാം വാർഷികം ആചരിക്കുന്ന സരസ്വതി ഹസ്തം ടൈം ബാങ്കിന്റെ ഉദ്‌ഘാടനം ചിത്രകാരൻ ബി.ഡി.ദത്തനും,ആരോഗ്യകരമായ ജീവിതം ബാല്യം മുതൽ ഉറപ്പാക്കുന്ന പ്രതിരോധ പരിപാടിയുടെ ഉദ്‌ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിനും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത,ശാലിനി സുരേഷ്,താര,വീണ,കരിക്കകം ശ്രീകുമാർ,റോട്ടറി ക്ലബ് ഡിസ്ട്രിക്ട് അസി.ഗവർണർ മനോഹൻ നായർ,ഡോ.വരുൺ തുടങ്ങിയവർ പങ്കെടുത്തു. പ്രമേഹ നിർണയ ക്യാമ്പ്,പ്രമേഹ പാദരോഗ നിർണയ ക്യാമ്പ്,കുറഞ്ഞ നിരക്കിൽ ഗ്ലൂക്കോമീറ്റർ, ഇൻസുലിൻ പേന, 24 മണിക്കൂർ ഗ്ലൂക്കോസ് മോണിറ്ററിംഗ്,പ്രമേഹ എക്സിബിഷൻ, കൂടാതെ വിവിധ കലാപരിപാടികളും നടന്നു.