തിരുവനന്തപുരം:സിറ്റി സർക്കുലർ സർവീസിനായി പുതുതായി 10 ഇലക്ട്രിക് ബസുകൾ കൂടി എത്തി.ഇതോടെ കെ.എസ്.ആർ.ടി.സി സ്വിഫ്ട് വഴി നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ് സർവീസുകളുടെ എണ്ണം 35 ആയി.ആഗസ്റ്റ് 1നാണ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിൽ സർവീസ് ആരംഭിച്ചത്.ആദ്യ ഘട്ടത്തിൽ 25 ബസുകളും ഇപ്പോൾ 10 ബസുകൾ കൂടെയത്തി.ഉടൻ 5 എണ്ണം സിറ്റി സർക്കുലറിന്റെ ഭാഗമാകും.ആകെ 50 ബസുകൾ വാങ്ങാനാണ് ടെൻഡർ നൽകിയിരുന്നത്. ബാക്കിയുള്ള 10 ബസുകൾ അടുത്ത മാസമെത്തിച്ചേരും.
നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ചെലവാകുന്നത്. ഇലക്ട്രിക് ബസുകളിൽ വൈദ്യുതി,ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോമീറ്റർ സർവീസ് നടത്താൻ 23 രൂപയാണ് ചെലവ് വരുന്നത്. ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്.
ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും,ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റുമാണ് വേണ്ടത്. കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. 50 ഇലക്ട്രിക് ബസ് നിരത്തിലിറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ലാഭം ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്.