തിരുവനന്തപുരം: അമ്പലമുക്കിൽ കോർപ്പറേഷൻ കൗൺസിലറുടെ മകനും കൂട്ടാളിയും ചേർന്ന് പേയിംഗ് ഗസ്റ്റുകളായ ലാ അക്കാഡമി വിദ്യാർത്ഥികളെ മർ‍ദ്ദിച്ച സംഭവത്തിൽ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. അക്രമികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത പേരൂർക്കട പൊലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മർദ്ദനത്തിൽ മുഖത്ത് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ പഞ്ചവത്സര എൽഎൽ.ബി വിദ്യാർത്ഥികളായ ആമിൻ, ദീപു എന്നിവരും ത്രിവത്സര എൽഎൽ.ബി വിദ്യാർത്ഥിയായ നിധീഷും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ആമിന് മുഖത്ത് ഉൾപ്പെടെ മുറിവുണ്ട്. ഞായറാഴ്ച രാത്രി 7.45നായിരുന്നു സംഭവം. വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നും ആരോപണമുണ്ട്.

വെള്ളയമ്പലം അമ്പലമുക്ക് മണ്ണടി ലെയ്‌നിൽ നടരാജപിള്ളയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്‌ക്ക് കഴിയുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. അക്രമം നടത്തിയ കുടപ്പനക്കുന്ന് ലളിതഭവൻ സി 94ൽ വിഷ്‌ണു (23), കാച്ചാണി രാഹുൽ ഭവനിൽ രാഹുൽ (22) എന്നിവരെയാണ് അറസ്റ്റുചെയ്‌ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഇതിൽ വിഷ്‌ണു കുടപ്പനക്കുന്ന് കൗൺസിലർ ജയചന്ദ്രൻ നായരുടെ മകനാണ്. വിഷ്‌ണു ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിരുന്നതായി പരിക്കേറ്റവർ പറയുന്നു.

ഇടിവള ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. അക്രമത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. വീടുകയറി അതിക്രമം കാണിച്ചതിനും വധശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തിയില്ലെന്നും ആക്ഷേപമുണ്ട്.