1

തിരുവനന്തപുരം: കോർപ്പറേഷൻ ജീവനക്കാരനായിരുന്ന പാറശാല ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ 11 ആർ.എസ്.എസുകാർക്ക് ജീവപര്യന്തം. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്‌ജി കവിതാ ഗംഗാധരനാണ് ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് അത്യപൂർവമാണ്.

കീഴാറൂർ സ്വദേശികളായ ബി.എം.എസ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്‌കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത് വീട്ടിൽ ഗിരീഷ് എന്ന അനിക്കുട്ടൻ (48) എന്നിവരെയാണ് ശിക്ഷിച്ചത്.

വെള്ളംകൊള്ളി രാജേഷിനെ കഴിഞ്ഞ ദിവസമാണ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ഭാരവാഹിയായി വീണ്ടും തിരഞ്ഞെടുത്തത്. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാംപ്രതി അനിൽ, നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരുലക്ഷം പിഴ വിധിച്ചത്. മൂന്നാം പ്രതി പ്രസാദ്, അഞ്ചാം പ്രതി പ്രേം എന്നിവർക്ക് 50,000 രൂപയും പിഴയൊടുക്കണം. 2013 നവംബർ അഞ്ചിന് രാത്രി 10ഓടെയാണ് മാരകായുധങ്ങളുമായെത്തിയവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാരായണൻ നായരെ കൊലപ്പെടുത്തിയത്.

പാർട്ടി വൈരാഗ്യത്തിന്റെ പേരിൽ മകൻ ശിവപ്രസാദിനെ ആക്രമിക്കാൻ വന്ന സംഘത്തെ തടയവേയാണ് നാരായണൻനായരെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഒമ്പതുവർഷം നീണ്ട കേസിൽ 45 സാക്ഷികളാണുണ്ടായിരുന്നത്. വാഹനങ്ങളടക്കം 23 തൊണ്ടിമുതൽ ഹാജരാക്കി. നിലവിൽ വിവിധയിടങ്ങളിൽ ഡിവൈഎസ്.പിമാരായ എസ്. അനിൽകുമാർ, ജെ. ജോൺസൺ, വി.ടി. രാസിത്ത്, സി.ഐമാരായ ജെ. മോഹൻദാസ്, അജിത് കുമാർ, എസ്‌.ഐ ബാലചന്ദ്രൻ, എ.എസ്‌.ഐ കൃഷ്ണൻകുട്ടി എന്നിവരാണ് കേസ് അന്വേഷിച്ചത്. പബ്ളിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.