തിരുവനന്തപുരം: ചിലരാഷ്ട്രീയസംഘടനകൾ ഇന്ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൽ ജീവനക്കാരെ പങ്കെടുപ്പിക്കാൻ ഇടത് സംഘടനകൾ സമ്മർദ്ദം ചെലുത്തുന്നുവെന്നും ജീവനക്കാരെ മാർച്ചിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ് ഇന്നലെ സർക്കാരിന് കത്ത് നൽകി.എൽ.ഡി.എഫിന്റെ പ്രചാരണ നോട്ടീസ് സെക്രട്ടേറിയറ്റ് ക്യാമ്പസിനകത്ത് വിതരണം നടത്തിയത് അംഗീകരിക്കാനാവില്ല.രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്നാണ് ചട്ടം.ഇത് മറികടന്ന് ഗവർണർക്കെതിരെ സമരാഹ്വാനം നടത്തുന്ന നോട്ടീസ് പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗവർണറുടെ ഓഫീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ.അജയകുമാർ പ്രസ്താവനയിൽ അറിയിച്ചു.