തിരുവനന്തപുരം: കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ഇന്ന് രാജ്ഭവന് മുന്നിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ തലസ്ഥാനത്തെ വലിയ സമരമായി മാറും.രാജ്ഭവനു മുന്നിൽ ഒരുലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ പതിനായിരങ്ങളും അണിനിരക്കും. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം അണിനിരക്കും.രാജ്ഭവനു മുന്നിലെ കൂട്ടായ്മയ്ക്ക് മുന്നോടിയായി രാവിലെ 10ന് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്ന് പ്രകടനം ആരംഭിക്കും.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
രാജ്ഭവൻ മാർച്ചിനെ തുടർന്ന് നഗരത്തിൽ രാവിലെ 8 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
പേരൂർക്കട ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ പേരൂർക്കട - ഊളൻപാറ - പൈപ്പിന്മൂട് - ശാസ്തമംഗലം - കൊച്ചാർ റോഡ് - ശ്രീമൂലം ക്ലബ് - വഴുതക്കാട് വഴി പോകണം.
കിഴക്കേകോട്ട ഭാഗത്തു നിന്ന് പേരൂർക്കട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാളയം - പി.എം.ജി - പ്ലാമൂട് - കുറുങ്ങാനൂർ - മരപ്പാലം - കുറവൻകോണം - കവടിയാർ - വഴിയും കേശവദാസപുരം ഭാഗത്തു നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പട്ടം - പൊട്ടക്കുഴി - മുറിഞ്ഞപാലം - കുമാരപുരം -കണ്ണമ്മൂല - നാലുമുക്ക് - പാറ്റൂർ വഴിയും പോകണം.
കിഴക്കേകോട്ട ഭാഗത്തു നിന്ന് കേശവദാസപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിഴക്കേകോട്ട - സ്റ്റാച്യൂ, പി.എം.ജി - പട്ടം വഴിയും ശ്രീകാര്യം ഭാഗത്തു നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഉള്ളൂർ - മെഡിക്കൽ കോളേജ് - കണ്ണമ്മൂല - നാലുമുക്ക് - പാറ്റൂർ വഴിയും പോകണം.
കിഴക്കേകോട്ട ഭാഗത്തു നിന്ന് ശ്രീകാര്യം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കിഴക്കേകോട്ട - സ്റ്റാച്യൂ, - പി.എം.ജി - പട്ടം - കേശവദാസപുരം വഴി പോകണം. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃത വാഹന പാർക്കിംഗും അനുവദിക്കില്ല.