
തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷ ചടങ്ങുകളിൽ ലഹരി വിരുദ്ധ സന്ദേശം കൂടി ഉൾപ്പെടുത്തി ശിശുദിനം വ്യത്യസ്തമാക്കി കുടപ്പനക്കുന്ന് മേരിഗിരി ഇംഗ്ളീഷ് മീഡിയം സ്കൂൾ. ഗാന്ധിജിയും നെഹ്റുവും ഭാരതാംബയും ഭഗത് സിംഗും തുടങ്ങി പക്ഷികളെയും പൂക്കളെയും മൃഗങ്ങളെയും പോലെ വേഷം ധരിച്ചും കുരുന്നുകൾ ജാഥയിൽ പങ്കെടുത്തു. ബാൻഡു മേളത്തോടെ തുടങ്ങിയ റാലിയിൽ സമൂഹത്തിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഡോക്ടർമാരെയും പൊലീസുകാരെയും അനുസ്മരിപ്പിച്ചും കുട്ടികൾ റാലിയിൽ അണിനിരന്നു. പേരൂർക്കടയിൽ നിന്നാരംഭിച്ച റാലി പേരൂർക്കട എസ്.ഐ അനീസ ഫ്ളാഗ് ഓഫ് ചെയ്തു.ലഹരി വിരുദ്ധ സന്ദേശവും കുട്ടികൾക്ക് നൽകി.ലഹരി ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റുകൾ ഏറെ ശ്രദ്ധേയമായി. ഉന്നംപാറ,കുടപ്പനക്കുന്ന് ജംഗ്ഷനിലൂടെ റാലി സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. മേരിഗിരി ആശ്രമ അധിപൻ ഫാ.ജോൺപോൾ കപ്പൂച്ചിൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ മേരിഗിരി സ്‌കൂൾ മാനേജർ ഫാ. പ്ലാസിഡ് കപ്പുച്ചിൻ,പ്രിൻസിപ്പൽ സിസ്റ്റർ ഫെബിമേരി തുടങ്ങിയവർ പങ്കെടുത്തു.