-cheruvarakonam

പാറശാല: പാറശാല - ചെറുവാരക്കോണം റോഡ് തകർന്നടിഞ്ഞ് അപകട നിലയിലായിട്ട് മാസങ്ങൾ കഴിഞ്ഞു. പാറശാല ഇ.എം.എസ് റോഡ് ജംഗ്‌ഷൻ, അമ്മൻകോവിൽ ജംഗ്‌ഷൻ, മുണ്ടപ്ലാവിള ജംഗ്‌ഷൻ, ചാനൽക്രോസ് ജംഗ്‌ഷൻ, ചെറുവാരക്കോണം സ്‌കൂൾ ജംഗ്‌ഷൻ എന്നിവിടങ്ങളിൽ ടാർ ഇളക്കിയതുമൂലം രൂപപ്പെട്ടിട്ടുള്ള അപകടക്കുഴികൾ ഗതാഗത തടസങ്ങൾക്ക് കാരണമാകുന്നതിനൊപ്പം അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. പാറശാല ആശുപത്രി ജംഗ്‌ഷനിൽ നിന്ന് ചെറുവാരക്കോണത്ത് തീരദേശ റോഡിൽ എത്തിച്ചേരുന്ന രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡാണ് നാട്ടുകാർക്കും ടൂവീലർ ഉൾപ്പെടെയുള്ള വാഹന യാത്രക്കാർക്കും ജീവന് ഭീഷണിയായി മാറിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് സർക്കാർ പുതുക്കിപ്പണിതതിനെ തുടർന്നാണ് റോഡിന്റെ സ്ഥിതി ഇത്രയും മോശമായത്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകളാണ് ഇത്രയും ചുരുങ്ങിയ കാലത്തിനിടെ റോഡ് തകരുന്നതിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

പാറശാലയിൽ പ്രവർത്തിച്ചു വരുന്ന പി.ഡബ്ളിയു.ഡി ഓഫീസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായുള്ള ഈ റോഡ് തകർന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ദിനംപ്രതി അപകടങ്ങൾ നടക്കുന്നത് കണ്ട് പൊറുതി മുട്ടിയ നാട്ടുകാർ എം.എൽ.എയ്ക്കും പി.ഡബ്ളിയു.ഡി ഓഫീസർക്കും, പഞ്ചായത്ത് അധികൃതർക്കും പരാതി സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

 റോഡിലെ തിരക്ക്

റോഡിന്റെ പല ഭാഗങ്ങളിലും വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. തീരദേശം ഉൾപ്പെടെ അതിർത്തി മേഖലകളിലേക്ക് ദിനംപ്രതി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സിയുടെയും തമിഴ്‌നാട് സർക്കാരിന്റെയും നിരവധി ബസ് സർവീസുകൾക്ക് പുറമെ സമാന്തര വാഹനങ്ങൾ, സ്കൂൾ, കോളേജ് ബസുകൾ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തിരക്കേറിയ റോഡാണിത്.

അപകടക്കുഴികൾ താണ്ടി

പ്രദേശത്തെ ആരാധനാലയങ്ങൾക്കും വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും പുറമെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും മറ്റും ഈ റോഡിന് സമീപമായി പ്രവർത്തിക്കുന്നുണ്ട്. പാറശാല മേജർ ശ്രീ മഹാദേവർ ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, സെന്റ് പീറ്റേഴ്സ് ചർച്ച്, ആബ്സ് മെമ്മോറിയൽ ചർച്ച്, ക്ഷേത്രനട ഗവ. എൽ.പി.സ്‌കൂൾ, ചെറുവാരക്കോണം എൽ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ, സി.എസ്.ഐ കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്, ബി.എഡ് കോളേജ്, എ.ഇ.ഒ ഓഫീസ്, വൈ.എം.സി.എ,വോയിസ് ഒഫ് ഇന്ത്യ സ്‌കൂൾ ഒഫ് മ്യൂസിക്, ആത്മനിലയം നഴ്‌സറി തുടങ്ങിയ സ്ഥാപനങ്ങളിൽ ദിനംപ്രതി എത്തുന്നവരെല്ലാംതന്നെ ഈ റോഡിലെ അപകടക്കുഴികൾ താണ്ടി വേണം എത്താൻ.