veedu

കിളിമാനൂർ: ഗൗരിനന്ദയ്ക്കും മാതാവിനും വേണം മഴ പെയ്താൽ നനയാതെ കേറിക്കിടക്കാൻ ഒരു വീട്. കഴിഞ്ഞ ദിവസത്തെ പെരുമഴയിൽ ഇവർ അന്തിയുറങ്ങിയത് വാർഡ് മെമ്പർ ഷീലയുടെ വീട്ടിലായിരുന്നു. പുളിമാത്ത് പഞ്ചായത്തിലെ കണ്ണൻമുക്ക് ഒന്നാം വാർഡിൽ അയിരൂർ വീട്ടിൽ ഗീതയുടെയും മകൾ ഗൗരിനന്ദയുടെയും അവസ്ഥയാണിത്. പത്ത് സെന്റ് വയൽ ഭൂമിലെ കൂരയിൽ മഴ പെയ്താൽ വെള്ളം കയറും. കഴിഞ്ഞ ദിവസത്തെ മഴയിൽ ഇതുപോലെ വെള്ളവും,ഇഴ ജന്തുക്കളും ഉൾപ്പെടെ കയറുകയും രക്ഷയ്ക്കായി വാർഡ് മെമ്പറെ വിളിക്കുകയുമായിരുന്നു ഇവർ. തുടർന്ന് മെമ്പറെത്തി അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പിറ്റേ ദിവസം തിരികെയെത്തിയപ്പോൾ വീടിനകം നിറയെ ചെളി വെള്ളവും മാലിന്യങ്ങളും. പുസ്തകങ്ങളും വസ്ത്രങ്ങളും എല്ലാം നനഞ്ഞു കുതിർന്നു. 2019ൽ ലൈഫ് മിഷനിൽ നിന്ന് വീടിനായി ആദ്യ ഗഡുവായി നാല്പതിനായിരം രൂപ ഇവർക്ക് അനുവദിച്ചിരുന്നു. ഒരു നടവഴി പോലും ഇല്ലാത്ത ഇവിടേക്ക് ചുമടായി സാധനങ്ങൾ എത്തിച്ച് അടിസ്ഥാനം കെട്ടി.എന്നാൽ വയൽ നികത്തി വീട് വയ്ക്കുന്നുവെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്ന് പണി സ്റ്റേ ചെയ്തു.കൊവിഡ് പ്രതിസന്ധിയും സ്റ്റേയും കാരണം തുടർന്നുള്ള പണികൾ നടക്കാതിരിക്കുകയും 2022ൽ ഫണ്ട് ലാപ്സാകുകയും ചെയ്തു. നെൽവയൽ,തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 9, ചട്ടം 5(2) പ്രകാരം ജില്ലയിലെ വാസഗൃഹം നിർമ്മിക്കുന്നതിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ ഇല്ലാത്തവർക്ക് നിലം രൂപാന്തരപ്പെടുത്തി വാസഗൃഹം നിർമിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. തുടർന്ന് സ്റ്റേ വെക്കേറ്റ് ചെയ്തപ്പോൾ ഫണ്ട് ലാപ്സായിരുന്നു. മാത്രവുമല്ല ആദ്യം അനുവദിച്ച തുക തിരികെ അടയ്ക്കാൻ സർക്കാർ ഉത്തരവ് ലഭിക്കുകയും ചെയ്തു. നിത്യവൃത്തിക്കു പോലും വകയില്ലാത്ത ഈ കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാദ്ധ്യമല്ല.പുതിയ വീടിനായി പ്ലാനിംഗ് ബോർഡിൽ അപക്ഷ സമർപ്പിച്ചെങ്കിലും കോഓർഡിനേഷൻ കമ്മിറ്റിയിൽ വച്ചിട്ടില്ലെന്നാണ് വിവരം. പ്ലസ് ടു വിദ്യാർത്ഥിയായ ഗൗരി നന്ദയ്ക്ക് തന്റെ പുസ്തകങ്ങൾ പോലും നനയാതെ സൂക്ഷിക്കാൻ ഒരിടമില്ലാത്ത അവസ്ഥയാണുള്ളത്.