തിരുവനന്തപുരം:സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കഴക്കൂട്ടം എലവേറ്റഡ് ഹൈവേ അടുത്തയാഴ്ച ഗതാഗതത്തിനായി തുറന്നുനൽകും.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാവും പാത തുറക്കുക. 21,​ 22,​ 23 എന്നീ മൂന്ന് തീയതികളിലേതെങ്കിലുമായിരിക്കും ഉദ്ഘാടനത്തിനായി തിരഞ്ഞെടുക്കുക. എലവേറ്റഡ് ഹൈവേയ്ക്കൊപ്പം എൻ.എച്ച് 66ന്റെ ഭാഗമായുള്ള 40,453 കോടിയുടെ വിവിധ നിർമ്മാണ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി ഗഡ്കരി അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്നുണ്ട്. ഇതിനൊപ്പം എലവേറ്റഡ് ഹൈവേയും തുറക്കാനാണ് തീരുമാനം. ഉദ്ഘാടനചടങ്ങ് നടത്താനുള്ള വേദി തയ്യാറാകുന്നതിനനുസരിച്ചായിരിക്കും തീയതി തീരുമാനിക്കുക. 200 കോടിയാണ് പദ്ധതിച്ചെലവ്.

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ ചൊവ്വാഴ്ച തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ തുലാവർഷം ശക്തമായതോടെ അപ്പ്രോച്ച് റോഡ് ടാറിംഗും പെയിന്റിംഗ് ജോലികളും തടസപ്പെട്ടതോടെയാണ് ഉദ്ഘാടനം നീട്ടാൻ നിർബന്ധിതമായത്. കേന്ദ്രമന്ത്രിയുടെ സന്ദർശനം കൂടി കണക്കിലെടുത്ത് ഉദ്ഘാടനം നടത്തിയാൽ മതിയെന്ന ധാരണയിലും ദേശീയപാത അതോറിട്ടി എത്തിയിട്ടുണ്ട്.സർവീസ് റോഡുകളിലെ ടാറിംഗും കഴക്കൂട്ടം ജംഗ്ഷനിലെ ഓടനിർമ്മാണവും പൂർത്തിയാകാനുണ്ട്. റോഡിൽ റിഫ്ളക്ടറുകൾ സ്ഥാപിക്കലും വഴിവിളക്കുകൾക്കും സിഗ്നലുകൾക്കുമായുള്ള ഇലക്ട്രിക്കൽ ജോലികളും ശേഷിക്കുന്നുണ്ട്. ഇവ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

ഭൂമിയേറ്റെടുക്കലിനടക്കം കേന്ദ്രം അനുവദിച്ചത് 356 കോടി
എലവേറ്റഡ് ഹൈവേ നിർമ്മാണച്ചെലവ് 200 കോടി

എലവേറ്റഡ് ഹൈവേ

കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നിന്ന് ടെക്നോപാർക്ക് ഫേസ് ത്രീ വരെ

 നീളം 2.71 കിലോമീറ്റർ

സർവീസ് റോഡ് 12 മീറ്റർ

എലവേറ്റഡ് ഹൈവേയ്‌ക്കും സർവീസ് റോഡുകൾക്കുമായി വേണ്ടിവന്ന സ്ഥലം 1.95 ഹെക്ടർ
90 തൂണുകൾ (ഓരോ 30 മീറ്ററിലും ഒാരോന്ന്)

പ്രത്യേകതകൾ


ഫുട്പാത്ത്

ഡിവൈഡർ

റിഫ്ലക്ടറുകൾ

കാമറ