 ഗതാഗത തടസമുണ്ടാക്കാതെ സംഘാടനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ നീക്കം നടത്തുന്നെന്നാരോപിച്ചുള്ള എൽ.ഡി.എഫ് പ്രതിഷേധത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്ഭവന് മുന്നിലേക്ക് ജനസഞ്ചയമെത്തിച്ചേർന്നിട്ടും മറ്റുറോഡുകളിൽ ഗതാഗത തടസമുണ്ടാകാതെയായിരുന്നു സമരത്തിന്റെ സംഘാടനം.

രാവിലെ 11ഓടെയാണ് മ്യൂസിയത്തു നിന്നാണ് മാർച്ച് ആരംഭിച്ചതെങ്കിലും അതിന് മുമ്പേ രാജ്ഭവന് മുന്നിൽ തയ്യാറാക്കിയ സമ്മേളന സ്ഥലത്ത് ആയിരക്കണക്കിന് പ്രവർത്തകർ എത്തിച്ചേർന്നിരുന്നു. മ്യൂസിയം മുതൽ രാജ്ഭവൻ വരെയുള്ള റോഡാകെ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞെങ്കിലും മറ്റു റോഡുകളിൽ ഗതാഗതം കാര്യമായി തടസപ്പെട്ടില്ല. സമാധാനപരമായ സമരമായിരിക്കും നടത്തുകയെന്ന് നേരത്തെ അറിയിച്ചതിനാൽ കവടിയാർ മേഖലയിൽ നിന്ന് കാൽനടയായി എത്തിയ പ്രവർത്തകർക്ക് ബാരിക്കേഡിനോട് ചേർന്ന് ഒഴിച്ചിട്ടിരുന്ന ഭാഗത്തുകൂടി കടന്നുപോകാൻ അവസരം നൽകിയിരുന്നു. അതിനാൽ പേരൂർക്കട - നെടുമങ്ങാട് ഭാഗത്ത് നിന്നെത്തിയ വാഹനങ്ങൾ കവടിയാർ മേഖലയിലാണ് പാർക്ക് ചെയ്‌തത്.

രാജ്ഭവന് മുന്നിലാണ് പ്രതിഷേധം തീരുമാനിച്ചതെങ്കിലും വെള്ളയമ്പലം സ്‌ക്വയറിന് ഏകദേശം അടുത്തായി ബാരിക്കേഡ് കെട്ടി രാജ്ഭവനിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. ബാരിക്കേഡിന് മുന്നിലാണ് ലോറിയിലുള്ള സ്റ്റേജ് തയ്യാറാക്കിയത്. ഇതോടെ സമരത്തിനെത്തിയവർ വെള്ളയമ്പലം സ്‌ക്വയറിനപ്പുറം വരെ നിലയുറപ്പിച്ചിരുന്നു. 11.15ഓടെ തുടങ്ങിയ യോഗം ഒരു മണിക്ക് അവസാനിക്കുന്നതുവരെയും ചെറുജാഥകളായി പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. സ്ത്രീകളും യുവജന, വിദ്യാർത്ഥി സംഘടനകളും ഗവർണർക്കെതിരെയുള്ള പ്ലക്കാർഡുകളുമായാണ് പ്രതിഷേധത്തിനെത്തിയത്.