തിരുവനന്തപുരം:റവന്യു ജില്ലാ കലോത്സവത്തിനു മുന്നോടിയായുള്ള സബ് ജില്ലാ കലോത്സവങ്ങൾക്ക് തുടക്കമായി.മൂന്നും നാലും ദിവസങ്ങളിലായി സബ് ജില്ലാ കലോത്സവങ്ങൾ പൂർത്തിയാകും.ജില്ലയിൽ 12 സബ് ജില്ലകളാണുള്ളത്.ഇതിൽ കണിയാപുരം സബ് ജില്ലാ കലോത്സവം പൂർത്തിയായി.തിരുവനന്തപുരം നോർത്ത് സബ് ജില്ലാ കലോത്സവം പേട്ട സ്കൂളിലും സൗത്ത് സബ് ജില്ലാ കലോത്സവം മണക്കാട് സ്കൂളിലുമായാണ് നടക്കുന്നത്.നോർത്ത് സബ് ജില്ലാ കലോത്സവം ഇന്ന് രാവിലെ 10ന് പേട്ട സ്കൂളിൽ അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രണ്ടിടത്തും ആദ്യ ദിനം രചനാമത്സരങ്ങൾ നടന്നു.നഗരത്തിലെ 83 സ്കൂളുകളിലെ 4500 ൽപരം കുട്ടികളാണ് മാറ്റുരയ്ക്കാൻ എത്തുക. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ്.റീന അദ്ധ്യക്ഷത വഹിക്കും.ജനറൽ കൺവീനറും പേട്ട ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പലുമായ കെ.എൽ ലേഖ,പേട്ട വാർഡ് കൗൺസിലർ ആർ.എസ് സുജാദേവി,പെരുന്താന്നി വാർഡ് കൗൺസിലർ പി.പദ്മകുമാർ,നോർത്ത് യു.ആർ.സി ബി.പി.ഒ അനൂപ്,പേട്ട ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ നീലിമ.എം തുടങ്ങിയവർ പങ്കെടുക്കും. 18ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സൗത്ത് സബ് ജില്ല കലോത്സവം ഇന്ന് രാവിലെ 9.30ന് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്യും. 289 വിഭാഗങ്ങളിലായി അയ്യായിരത്തിലേറെ മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുക.ശ്രീവരാഹം വാർഡ് കൗൺസിലർ എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. നടി രേഷ്മ നായർ,ഗായകൻ ജയശങ്കർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുത്തൻപള്ളി സലിം,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും. 18ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന റവന്യു ജില്ലാ കലോത്സവം 22 മുതൽ വഴുതക്കാട് കോട്ടൺഹിൽ ഗവ. ജി.എച്ച്.എസ്.എസിൽ നടക്കും.