കടയ്ക്കാവൂർ:ചൈൽഡ്ലൈൻ 'സെ ദോസ്തി വീക്ക്' കാമ്പെയിന് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ തുടക്കമായി. കുട്ടികളിലെ അമിതമായ ലഹരിയുടെയും മൊബൈലിന്റെയും ഉപയോഗം കുറയ്ക്കാൻ ചൈൽഡ്ലൈനും യൂണിസെഫും സംയുക്തമായി 14 മുതൽ 20 വരെയാണ് കാമ്പെയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകൾക്ക് ചൈൽഡ്ലൈൻ സ്പോർട്സ് കിറ്റ് വിതരണവും കായിക മത്സരങ്ങളും "ലഹരിയും കുട്ടികളും" എന്ന വിഷയം - അസ്പദമാക്കി എക്സിബിഷനും സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസിന്റെ അദ്ധ്യക്ഷതയിൽ കാമ്പെയിനിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ടി.എസ്.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസും, ജില്ലാ കളക്ടറുടെ സന്ദേശം നവ്യ ടെന്നിസണും, സെന്റർ കോഓഡിനേറ്റർ അമേയ എസ്.ഫ്രെഡി ശിശുദിന സന്ദേശവും നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എൻ.സൈജു രാജ്, സ്റ്റീഫൻ ലൂയിസ്, ഫ്ളോറൻസ് ജോൺസൺ, മിനി ജൂഡ്, സരിത ബിജു, ദിവ്യ ഗണേഷ്, പി.ടി.എ പ്രസിഡന്റ് ജോഷി ജോണി തുടങ്ങിയവർ പങ്കെടുത്തു.