
ബാലരാമപുരം: ബാലരാമപുരം ദേശീയപാത കടക്കണമെങ്കിൽ മരണക്കുഴികൾ താണ്ടണം. ജില്ലയിൽ ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പ്രധാന റൂട്ടിലാണ് ഈ ദുരിതം. മന്ത്രിയും എം.എൽ.എയും എം.പിയുമുൾപ്പെടെയുള്ള അനവധി പേർ അടിക്കടി ഈ ദേശീയപാതവഴി കടന്നുപോകുന്നുണ്ട്. കരമന -കളിയിക്കാവിള ദേശീയപാതയുടെ മൂന്നാംഘട്ടമായ കൊടിനട - വഴിമുക്ക് വികസനം നിലച്ചതോടെ ബാലരാമപുരം പാത മരണക്കുഴികളുടെ പറുദീസയായി മാറിക്കഴിഞ്ഞു. ബാലരാമപുരം അഗസ്ത്യാർ കോവിൽ റോഡ് ജംഗ്ഷൻ, പെട്രോൾ പമ്പിന് മുൻവശം, തയ്ക്കാപള്ളി, കല്ലമ്പലം ജംഗ്ഷൻ, വഴിമുക്ക് ജുമ മസ്ജിദിന് മുൻവശം എന്നിവിടങ്ങളിലെല്ലാം അപകടക്കുഴികൾ വാഹനയാത്രികർക്ക് മരണക്കെണിയൊരുക്കുകയാണ്. റോഡിൽ കുഴി രൂപപ്പെട്ടിട്ട് ഒരു വർഷത്തോളമായിട്ടും ജനപ്രതിനിധികളോ മരാമത്ത് വകുപ്പോ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഒരാഴ്ച മുൻപ് സ്ഥലം സന്ദർശിക്കുകയും നവീകരണം ആവശ്യപ്പെട്ട് മരാമത്ത് ഓഫീസിന് നിവേദനം കൈമാറുകയും ചെയ്തിരുന്നു. കുഴികളടയ്ക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയോളം ഒന്നരവർഷം മുൻപ് ചെലവിട്ടിരുന്നു. മഴ വന്നതോടെ ടാർ ഒലിച്ച് വീണ്ടും കുഴികൾ രൂപപ്പെടുകയും തുടർന്ന് ബാലരാമപുരം – വഴിമുക്ക് റോഡുകളിൽ ഒരു വാഹനവും കടന്നുപോകാൻ പറ്റാത്തവിധം കുഴികളുടെ പറുദീസയായി മാറിയിരുന്നു. ഇരുചക്രവാഹന യാത്രക്കാർ റോഡിലെ കുഴികളിൽ തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവായി മാറിക്കഴിഞ്ഞു. റോഡിന്റെ പുന:രുദ്ധാരണച്ചുമതല ദേശീയപാത അതോറിട്ടിക്ക് കൈമാറിയതോടെ നവീകരണജോലികളും അവതാളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ദേശീയപാത പെട്രോൾ പമ്പിന് സമീപത്തെ റോഡ് മുഴുവനും വെള്ളത്തിൽ മുങ്ങിയിരുന്നു. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള പുന:രുദ്ധാരണത്തിന് സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി തൊണ്ണൂറായിരം രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് രണ്ട് മാസത്തിനുള്ളൽ പണി പൂർത്തീകരിക്കണമെന്നാണ് കരാറിലുള്ളത്. എന്നാൽ പണികൾ ഇനിയും വൈകിയാൽ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വിവിധ സംഘടനകൾ അറിയിച്ചിരിക്കുകയാണ്.