sabari

തിരുവനന്തപുരം:ശബരി റെയിൽ പാത,​ അടിസ്ഥാന സൗകര്യ-ഗതാഗത പദ്ധതികൾ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ഗതിശക്തി മിഷനിൽ ഉൾപ്പെടുത്തിയതോടെ കാൽനൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന പദ്ധതി ഒരു പടികൂടി മുന്നോട്ട്.

റെയിൽവേയുടെ പുതിയ നയങ്ങളുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചു. നിലവിലെ എസ്റ്റിമേറ്റിൽ 3347.35കോടി രൂപയാണ് ചെലവ്. പുതുക്കുമ്പോൾ ചെലവ് 400 കോടിയെങ്കിലും വർദ്ധിക്കും.

ഇന്നലെ ഡൽഹിയിൽ ചേർന്ന ഗതിശക്തി മിഷൻ യോഗത്തിലാണ് തീരുമാനം.

1997ൽ പ്രഖ്യാപിച്ച, അങ്കമാലി-എരുമേലി 111കിലോമീറ്റർ ശബരിപാതയിൽ 13 കിലോമീറ്റർ ടണലുകളിലൂടെയാണ്. ഇതുവരെ നിർമ്മിച്ചത് അങ്കമാലി-കാലടി 7കി.മി പാതയും പെരിയാറിൽ മേൽപ്പാലവും മാത്രം. കാലടി-എരുമേലി 104കിലോമീറ്റർ പാതയാണ് നിർമ്മിക്കേണ്ടത്.

20വർഷം മുൻപ് 900പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്ക് ഭൂമി വിൽക്കാനോ ഈടുവയ്ക്കാനോ കഴിയുന്നില്ല. പദ്ധതി പ്രഖ്യാപിച്ചപ്പോൾ 517കോടിയായിരുന്ന എസ്റ്റിമേറ്റ് 2017ൽ 2815കോടിയായിരുന്നു. ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ 900കോടിയിലേറെ വേണം. ഭൂമിവിലയുടെ 30ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകേണ്ടത് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

നിബന്ധനകൾ

ടണലുകളിൽ ആശയവിനിമയത്തിന് ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കണം. വയർലെസ് സിഗ്നൽ സംവിധാനങ്ങൾ വേണം.

തുരങ്കങ്ങളിൽ ചല്ലി പാകിയ സാധാരണ ട്രാക്ക് പാടില്ല. മെട്രോ ട്രാക്കുകൾ പോലെ കോൺക്രീറ്റ് ട്രാക്ക് വേണം.

വൈദ്യുതിക്ക് നിലവിലെ 25കിലോവാട്ടിന്റെ ഒരു ലൈനിനു പകരം രണ്ടെണ്ണം വേണം. ഇതെല്ലാം ചെലവേറിയതായതിനാലാണ് എസ്റ്റിമേറ്റ് 400കോടിയെങ്കിലും ഉയരുക.

264കോടി

റെയിൽവേ ചെലവാക്കിയത്

38.16കോടി

ഭൂമി ഏറ്റെടുക്കാൻ നൽകിയത് വക മാറ്റി

വികസനം വരും

മലയോര ജില്ലകളിൽ ട്രെയിൻ സൗകര്യം

ശബരിമലയുടെ വികസനം

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ വികസിക്കും

ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണം

പുനലൂർ വരെ നീട്ടിയാൽ തമിഴ്നാട്ടിലേക്ക് കണക്ടിവിറ്റി