തിരുവനന്തപുരം: മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നലെയും നഗരസഭയിൽ ബി.ജെ.പിയും കോൺഗ്രസും പ്രതിഷേധം തുടർന്നു.ഇന്നലെ രാവിലെ ഒപ്പിട്ട ശേഷം ജീവനക്കാർ എൽ.ഡി.എഫിന്റെ സമരത്തിന് പോയെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി പ്രതിഷേധം. ജനസേവന കേന്ദ്രത്തിലും ജനകീയാസൂത്രണ വിഭാഗത്തിലും രാവിലെ പൊതുജനങ്ങൾ എത്തിയപ്പോൾ ജീവനക്കാരില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു.തുടർന്ന് കൗൺസിലർമാർ പ്രതിഷേധവുമായി വിവിധ വിഭാഗങ്ങളിലെത്തി. ഉച്ചയോടെയാണ് ജീവനക്കാർ തിരിച്ചെത്തിയതെന്നാണ് ആരോപണം.ജീവനക്കാരില്ലാത്തതിനെ തുടർന്ന് നിരവധിപ്പേർ സേവനങ്ങൾ കിട്ടാതെ മടങ്ങിയെന്നും കൗൺസിലർമാർ പറഞ്ഞു.ബി.ജെ.പി നേതാക്കളായ എം.ആർ.ഗോപൻ,തിരുമല അനിൽ,കരമന അജിത്,ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.ബി.ജെ.പി കൗൺസിലർമാർ നടത്തി വരുന്ന സത്യഗ്രഹസമരം പതിനൊന്നാം ദിവസവും തുടരുന്നു.

യു.ഡി.എഫ് കൗൺസിലർമാർ വേറിട്ട സമരമുറയാണ് പരീക്ഷിച്ചത്.കത്തെഴുതി കരുക്കിൽപ്പെട്ട മേയർക്ക്, ആനാവൂർ നാഗപ്പൻ പരിഹാര ഉപദേശം നൽകുന്നതാണ് പ്രതീകാത്മകമായി അവതരിപ്പിച്ചത്.പ്രചരിക്കുന്ന കത്തിന്റെ ഒറിജിനൽ കണ്ടുപിടിക്കേണ്ട പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പദ്മകുമാർ പറഞ്ഞു.ഡി.ആർ.അനിൽ തയ്യാറാക്കിയെന്ന് സമ്മതിച്ച കത്ത്,താൻ തന്നെ നശിപ്പിച്ചുവെന്ന് പറഞ്ഞ സ്ഥിതിക്ക് തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിന് ജോൺസൺ ജോസഫ്,ആക്കുളം സുരേഷ്,മേരി പുഷ്പം,പി. ശ്യാംകുമാർ,സതികുമാരി,വനജ രാജേന്ദ്രബാബു,സി. ഓമന, സെറാഫിൻ ഫ്രെഡി,മിലാനി പെരേര എന്നിവർ നേതൃത്വം നൽകി.