photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ മലയോര ഗ്രാമമായ ഇടിഞ്ഞാറിൽ എത്തിയാൽ മതമൈത്രിയുടെ സംഗമഭൂമിയിലെത്താം. ചുറ്റുമതിലും വെള്ളം കോരുന്ന കിണറും. തക്ബീർ ധ്വനി മുഴങ്ങുന്ന നിമിഷം ശരണ മന്ത്രം നിശ്ചലമാകും. അമ്പലത്തിലെ മണ്ഡലകാല ഉത്സവവും നബിദിനാഘോഷ നടത്തിപ്പും ഒരുമിച്ച് കാണുക എന്നത് അത് ഇടിഞ്ഞാറിന്റെ മാത്രം പ്രത്യേകതയാണ്. ഇടിഞ്ഞാറിന്റെ നാട്ടുതനിമ വിളിച്ചോതുന്ന അപൂർവ കൂട്ടായ്മയുടെ സംഗമ ഭൂമിയിലാണ് ഈ വേറിട്ട കാഴ്ച കാണാനാവുക. മുഹിയുദ്ദീൻ മസ്ജിദ്, ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നീ ആരാധനാലയങ്ങളാണ് ഇടിഞ്ഞാറിൽ മതസൗഹാർദ്ദം ഊട്ടിയുറപ്പിച്ച് ഒരേ കോമ്പൗണ്ടിൽ നിലകൊള്ളുന്നത്. അയ്യപ്പന്റെ ഉറ്റ ചങ്ങാതി വാവർ ആണെന്ന കഥയ്ക്ക് ആത്മചൈതന്യം പകരുന്ന മനോഹര കാഴ്ചയാണ് ഈ നാടിന്റെ പുണ്യം. പണിക്കെത്തിയ കുടിയേറ്റക്കാരും തോട്ടം തൊഴിലാളികളുമായ അന്യദേശക്കാരാണ് ഇവിടെ രണ്ട് ആരാധനാലയങ്ങളും സ്ഥാപിച്ചതെന്നാണ് വിശ്വാസം. വലിയൊരാൽമര തണലിൽ സംഗമിക്കുന്ന രണ്ടു വിശ്വാസങ്ങൾക്ക് നേതൃത്വം നൽകുന്നത് മുഹിയുദ്ദീൻ ജുമാ മസ്ജിദിലെ ഹസനും ധർമ്മശാസ്താ ക്ഷേത്രത്തിലെ സൂര്യൻ കാണിയുമാണ്. 1991ൽ ഉണ്ടായ ഉരുൾ പൊട്ടലിൽ നൂറിലധികം വീടുകൾ മലവെള്ളപാച്ചിലിൽ തകർന്ന് തരിപ്പണമായെങ്കിലും പള്ളിക്കും അമ്പലത്തിനും യാതൊരു നാശനഷ്ടവും സംഭവിച്ചിരുന്നില്ല.ഇത് ഇവിടുത്തുകാരുടെ വിശ്വാസത്തിന് ആക്കം കൂടാൻ കാരണമായി. ഇനിയുള്ള നാളുകളിലെ ശരണ മന്ത്രധ്വനി വിണ്ണിലേക്കുയരുമ്പോൾ ഒത്തൊരുമയോടെ ജാതി മത ചിന്തകൾ വേട്ടയാടാതെ ഇവിടുത്തെ ഹിന്ദുവും മുസൽമാനും ഒന്നായി തന്നെ ശരണം വിളിക്കും.