 ശ്രീചിത്രയുടെ കോമ്പിനേഷൻ ഡിവൈസ്‌ ബ്ലോക്ക് തുറന്നു


തിരുവനന്തപുരം: ഭാവി ഇന്ത്യയുടെ ആവശ്യങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂജപ്പുരയിലെ കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ മുൻനിരയിലാണ് രാജ്യം. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി വിവിധതരം ഉപകരണങ്ങൾ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ സംഘടിതമായി കൈകാര്യം ചെയ്യുന്നതിനായി മരുന്നുകളുമായി സംയോജിപ്പിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കും. മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങളും മൈക്രോറോബോട്ടിക്‌സ് അധിഷ്ഠിത ഉപകരണങ്ങളും ഉൾപ്പെടെ ഡിജിറ്റൽ യുഗത്തിന്റെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ഇതിനായി മെഡിക്കൽ നിയമങ്ങളിൽ പ്രയോജനകരമായ രീതിയിൽ നിരവധി ഇളവുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 53 കോടി രൂപയുടെ ധനസഹായത്തോടെയാണ് 1,20 ലക്ഷം ചതുരശ്രഅടി വിസ്‌തീർണമുള്ള ബ്ലോക്ക് നിർമ്മിച്ചത്. ഇൻവിട്രോ ഡയഗ്‌നോസ്റ്റിക്‌സ്, പോയിന്റ് ഓഫ് കെയർ ഡിവൈസുകൾ, ബയോസെൻസറുകൾ, ടിഷ്യു എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഓർത്തോട്ടിക്‌സ്, റീഹാബിലിറ്റേഷൻ എന്നിവയുടെ വികസനത്തിനുള്ള ലബോറട്ടറികളും മൈക്രോ ഇലക്‌ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങളും മൈക്രോ റോബോട്ടിക്‌സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്കിൽ സ്ഥാപിക്കും. പൂജപ്പുര കൗൺസിലർ വി.വി. രാജേഷ്, ശ്രീചിത്ര ഡയറക്ടർ പ്രൊഫ. സഞ്ജയ് ബിഹാരി, ബി.എം.ടി വിംഗ് മേധാവി ഡോ. ഹരികൃഷ്ണ വർമ്മ.പി.ആർ തുടങ്ങിയവർ സംസാരിച്ചു.