ee

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിലെ തുടർനടപടികളെക്കുറിച്ച് രാജ്ഭവൻ നിയമോപദേശം തേടി. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് നേരത്തേ ഗവർണർ പറഞ്ഞിരുന്നെങ്കിലും, നിയമസഭാ സമ്മേളനം ചേരാനിടയുള്ളതിനാൽ ഉടനടി അയയ്ക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. നിയമസഭ സമ്മേളിക്കുന്നതോടെ ഓ‌ർഡിനൻസിന് പ്രസക്തിയില്ലാതാവും.

ദുരുദ്ദേശത്തോടെ ധൃതിപിടിച്ച് കൊണ്ടുവന്ന അനാവശ്യ ഓർഡിനൻസാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. കഴിഞ്ഞ ശനിയാഴ്ചയാണ് ഓർഡിനൻസ് രാജ്ഭവനിൽ കിട്ടിയത്. ഇന്നത്തെ മന്ത്രിസഭാ യോഗം നിയമസഭ വിളിച്ചുചേർക്കാൻ തീരുമാനമെടുത്തേക്കും. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഈ അഞ്ചു ദിവസം കൊണ്ട് എന്ത് അത്യാവശ്യ സാഹചര്യമാണുണ്ടായതെന്നും രാജ്ഭവൻ ചോദിക്കുന്നു. ഓർഡിനൻസിന് പകരമുള്ള ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ.