paddy

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ കർഷകർക്കുള്ള തുക നൽകാനായി സർക്കാർ അനുവദിച്ച 129 കോടി സപ്ലൈകോയ്ക്ക് കൈമാറി. ഇന്നു മുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്തു തുടങ്ങുമെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുക നേരത്തേ അനുവദിച്ചെങ്കിലും ട്രഷറിയിൽ നിന്നും സപ്ലൈകോയ്ക്ക് കൈമാറാൻ നിയന്ത്രണ വ്യവസ്ഥകൾ തടസമായിരുന്നു. മന്ത്രി ജി.ആർ.അനിൽ, ധനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇളവ് അനുവദിച്ചത്.

ഈ സീസണിൽ 74,100 ടൺ നെല്ലാണ് ഇതുവരെ സപ്ലൈകോ സംഭരിച്ചത്. കിലോയ്ക്ക് 28.20 രൂപ ആണ് സംഭരണ വില. അതേസമയം, ഭാവിയിൽ സംഭരണ വില നൽകാൻ പണം കണ്ടെത്തുന്നതിന് 2300 കോടി രൂപ വായ്പയെടുക്കാൻ കേരള ബാങ്കിന് സപ്ലൈകോ ഉടൻ അപേക്ഷ നൽകും. പലിശയുടെ കാര്യത്തിൽ തീരുമാനമായില്ല. സർക്കാർ ഗാരന്റിയോടെ വായ്പയെടുക്കുന്നതു സംബന്ധിച്ച് മന്ത്രി ജി.ആർ.അനിൽ കേരള ബാങ്ക് അധികൃതരുമായി ചർച്ച നടത്തി.