തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം പേട്ട ഗവ.ഗേൾസ് വി.എച്ച്.എസ്.എസിൽ വി.കെ .പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 15ന് ആരംഭിച്ച കലോത്സവം നാളെ സമാപിക്കും. പേട്ട ഗവ.മോഡൽ എച്ച്.എസ്.എസ്,ഗവ.ഗേൾസ് വി.എച്ച്.എസ്.എസ്, ഗവ.എൽ.പി.എസ്, സെന്റ് ആൻസ് എൽ.പി.എസ്,യു.ആർ.സി എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരം അരങ്ങേറുന്നത്. കൊവിഡിന് ശേഷം നോർത്ത് ഉപജില്ലയിലെ ആദ്യത്തെ സ്കൂൾ കലോത്സവം കൂടിയാണിത്. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ്.റീന അദ്ധ്യക്ഷത വഹിച്ചു.പേട്ട ഗവ.മോഡൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എൽ.ലേഖ, പേട്ട വാർഡ് കൗൺസില‌ർ സുജാദേവി, ഗവ.ഗേൾസ് വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി.ഐഡസലീല,പേട്ട ഗവ.മോഡൽ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ജി.ഗീത തുടങ്ങിയവ‌ർ പങ്കെടുത്തു.