palkunnu

മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട കോട്ടമുകൾ -പാൽക്കുന്ന് റോ‌‌‌ഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഇന്നേക്ക് വർഷങ്ങൾ കഴിഞ്ഞു. കോട്ടമുകൾ ജംഗ്ഷനു സമീപത്ത് നിന്നാരംഭിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി തീർന്നതിനാൽ ഇതുവഴിയുള്ള കാൽനട പോലും ദുസഹമാണ്. പൈപ്പ് സ്ഥാപിക്കുന്നതിന് വാട്ടർ അതോറിട്ടി എടുത്ത കുഴി മൂടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം. റോഡിലെ മെറ്റലുകൾ ഇളകി മാറി വൻ കുഴികൾ രൂപാന്തരപ്പെട്ടതിനാൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇളകിക്കിടക്കുന്ന മെറ്റലുകൾക്കും ചെളികൾക്കും മുകളിലൂടെ സർക്കസ് കണക്കേ പോകേണ്ട ഗതികേടിലാണ് വാഹന യാത്രക്കാർ. ചെളിയും ഇളകിക്കിടക്കുന്ന മെറ്റലുകളിലും തട്ടി കാൽനട യാത്രക്കാർ വീഴുന്നതും പതിവായിട്ടുണ്ട്. വാട്ടർ അതോറിട്ടി പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും പൈപ്പിടൽ ജോലികൾ പൂർത്തിയായിട്ടില്ല. കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 2019-ൽ 40 ലക്ഷം രൂപ അനുവദിച്ച റോഡാണ് കോട്ടമുകൾ - പാൽക്കുന്ന് റോഡ്. രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അനന്തമായി നീളുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം സ്കൂൾ ബസുകൾ പോലും ഇതുവഴി വരാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ ചെളിക്കുഴിയിലൂടെ 2 കിലോമീറ്റർ നടന്ന് കുട്ടികൾക്ക് സ്കൂളിൽ പോകേണ്ട ഗതികേടിലാണ്. പാൽക്കുന്ന് പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്താൻ പോലും ബുദ്ധിമുട്ടുകയാണ് ഇവിടെയുള്ള പ്രദേശവാസികൾ. സ്വകാര്യ വാഹനങ്ങൾ സവാരി വിളിച്ചാൽ പോലും വരാറില്ല. പരിസരവാസികളും വിവിധ സന്നദ്ധ സംഘടനകളും ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാലാണത്രേ റോഡ് നവീകരണം നീളാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ജനപ്രതിനിധികൾ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്താതെ അടിയന്തരമായി ഈ റോഡ് നവീകരിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.റോഡിന്റെ ദുരവസ്ഥ വിവരിച്ച് മുഖ്യമന്ത്രിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.