
നെയ്യാറ്റിൻകര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കായി എക്സൈസ് സംഘത്തോടൊപ്പം ഇനി ഡോഗ് സ്ക്വാഡും ഉണ്ടാകും. അന്യ സംസ്ഥാനത്ത് നിന്നുമുള്ള വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കിയത്. അമരവിള ചെക്ക് പോസ്റ്റിൽ കഴിഞ്ഞ നാളുകളിലായി വ്യാപകമായി മദ്യം, കഞ്ചാവ്, എ.ഡി.എം.എ അടക്കമുളള മയക്കുമരുന്നുകൾ, മറ്റ് നിരോധിത ലഹരി ഉല്പന്നങ്ങൾ തുടങ്ങിയവ എക്സൈസ് സംഘം പരിശോധിച്ച് പിടികൂടിയിരുന്നു. അനധികൃത കടത്തലുകൾ തുടരുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്സൈസ് സംഘം പുതിയ സംവിധാനം കൊണ്ടുവന്നത്. മയക്കുമരുന്നിന്റേയും കഞ്ചാവിന്റേയും പാൻ മസാലയുടേയും ചെറിയ മണം പോലും ഡോഗ് സ്ക്വാഡിലെ നായക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ് ഡോഗ് സ്ക്വാഡിനെ ഭാഗമാക്കിയതെന്നും ഇതിലൂടെ അനധികൃത കടത്തലുകൾ കണ്ടെത്താനും തടയാനും കഴിയുമെന്നും എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.