
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ പെരിങ്ങമ്മല-അഗ്രിഫാമിലേക്കുളള രണ്ടു റോഡുകളുടെയും വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെളളം ഒഴുകാൻ തുടങ്ങിയിട്ട് 6 മാസത്തിലധികമാകുന്നു.പെരിങ്ങമ്മല പഞ്ചായത്ത് അധികൃതരെയും,നന്ദിയോട് വാട്ടർ അതോറിട്ടി ഓഫീസ്,പാലോട് ഓഫീസ്,ടോൾ ഫ്രീ നമ്പർ ആയ 1916 എന്നിവിടങ്ങളിലെല്ലാം നിരന്തരം പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ടാർ ഇല്ലാത്ത ഭാഗത്തെ പൈപ്പ് ആണ് പൊട്ടി ഒഴുകുന്നത്.എന്നാൽ ടാർ കട്ടിംഗ് അനുമതി ലഭിച്ചില്ല എന്ന കാരണത്താൽ വെളളം ഒഴുക്ക് പരിഹരിക്കാൻ കൂടി അധികൃതർ തയാറാകുന്നില്ല.പെരിങ്ങമ്മല പഞ്ചായത്തിൽ കുണ്ടാളംകുഴി പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന വെളളമാണ് പൊട്ടി ഒഴുകുന്നത്.പല ഭാഗങ്ങളിലും വെളളം ലഭിക്കുന്നില്ല എന്നുളള പരാതിയും ഉയരുന്നുണ്ട്.പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്നത് മൂലം റോഡ് ഭാഗീകമായി നശിച്ചു തുടങ്ങി.വെളളം ചോർച്ച ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡുകൾ പൂർണമായും തകർന്നു പോകുന്ന നിലയിലാണ്.