waste

തിരുവനന്തപുരം: കൊച്ചുവേളി വ്യവസായ എസ്റ്റേറ്റിന് സമീപത്തെ റോഡിൽ മാലിന്യം തള്ളൽ രൂക്ഷമായി. എസ്റ്റേറ്റിലെ കോറൊമാൻഡൽ ക്ളെയ്സ് സ്ഥിതി ചെയ്യുന്ന കോർട്ടാസ് ഇൻഡസ്ട്രീസ് റോഡിലാണിത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊച്ചുവേളി വ്യവസായ എസ്റ്റേറ്റിൽ 108 ഏക്കറിലായി 125 ചെറുകിട വ്യവസായ യൂണിറ്റുകളും സർക്കാർ ഉടമസ്ഥതയിലുള്ള ടൈറ്റാനിയം ഫാക്ടറിയും പ്രവർത്തിക്കുന്നുണ്ട്.

പ്രത്യക്ഷമായും പരോക്ഷമായും 5000ഓളം കുടുംബങ്ങൾ ഈ ചെറുകിട വ്യവസായങ്ങളെ ആശ്രയിച്ച് കഴിയുന്നിടത്താണ് അനിയന്ത്രിത മാലിന്യനിക്ഷേപം. ഇതേക്കുറിച്ച് മന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് കൊച്ചുവേളി എം.എസ്.എം.ഇ അസോസിയേഷൻ പറയുന്നു.

വ്യവസായ എസ്റ്റേറ്റിൽ ടൈറ്റാനിയത്തിന്റെ മതിലിന്റെ സമീപത്തായി കേസിലുൾപ്പെട്ടതിനെ തുടർന്ന് പൂട്ടിയിട്ടിരിക്കുന്ന കമ്പനിയുടെ സ്ഥലത്ത് നേരത്തെ കോർപ്പറേഷൻ അടക്കമുള്ളവർ മാലിന്യം നിക്ഷേപിച്ചിരുന്നു. അസോസിയേഷന്റെ ഇടപെടലിനെ തുടർന്ന് ഇത് അവസാനിച്ചതിന് പിന്നാലെയാണ് റോഡിൽ മാലിന്യം വലിച്ചെറിയാൻ തുടങ്ങിയത്. ചാല ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് ലോറികളിൽ കൊണ്ടുവരുന്ന ഇറച്ചിക്കോഴി മാലിന്യമാണ് റോഡരികിൽ തള്ളുന്നത്.

എസ്റ്റേറ്റിലേക്കുള്ള ഏഴോളം റോഡുകളിലൂടെയാണ് നമ്പർ പ്ളേറ്റുകൾ മറച്ച് മാലിന്യ വണ്ടികളെത്തുന്നത്. ഈ മാസം 11ന് അർദ്ധരാത്രി ചാലയിൽ നിന്ന് കോഴിമാലിന്യവുമായെത്തിയ ലോറി കാമറയിൽ പതിഞ്ഞിരുന്നു. നമ്പർ മറയ്ക്കാതെ എത്തിയ വാഹനത്തെക്കുറിച്ച് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.

മാലിന്യം തള്ളുന്നത് തടയാൻ സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി അസോസിയേഷൻ ഗാർഡ് ഷെഡ് പണിതെങ്കിലും സാമൂഹ്യവിരുദ്ധർ അത് തകർക്കുകയും അസോസിയേഷൻ ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതുസംബന്ധിച്ച് പൊലീസ് കേസുണ്ട്. മാലിന്യം തള്ളലിന് പുറമെ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്.

പ്രശ്‌നപരിഹാരത്തിന് മുട്ടാത്ത വാതിലുകളില്ല. ഇനി

കോടതിയെ സമീപിക്കുകയേ വഴിയുള്ളൂ

ഐ.എ. പീറ്റർ, പ്രസിഡന്റ്,​

കൊച്ചുവേളി എം.എസ്.എം.ഇ

അസോസിയേഷൻ