ram

തിരുവനന്തപുരം: പി.ജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി.ഗോവിന്ദപിള്ള ദേശീയ പുരസ്‌കാരത്തിന് മാദ്ധ്യമരംഗത്തെ നിസ്‌തുലമായ സംഭാവനയ്‌ക്ക്‌ 'ദ ഹിന്ദു"വിന്റെ മുൻ എഡിറ്റർ ഇൻ ചീഫ്‌ എൻ. റാമിനെ തിരഞ്ഞെടുത്തതായി പുരസ്‌കാര സമിതി ചെയർമാൻ എം.എ. ബേബി, പി.ജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ ആനാവൂർ നാഗപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നരലക്ഷം രൂപയും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. പി.ജിയുടെ പത്താമത്‌ സ്‌മൃതി ദിനമായ 22ന് വൈകിട്ട് 3ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുരസ്‌കാരം സമ്മാനിക്കും. എം.എ.ബേബി, തോമസ്‌ ജേക്കബ്‌, വെങ്കിടേഷ്‌ രാമകൃഷ്‌ണൻ, ആർ.പാർവതീദേവി എന്നിവരടങ്ങിയ സമിതിയാണ്‌ 2022ലെ പുരസ്‌കാരം നിർണയിച്ചത്‌. വാർത്താസമ്മേളനത്തിൽ പി.ഗോവിന്ദപിള്ള സംസ്‌കൃതി കേന്ദ്രം ഡയറക്‌ടർ കെ.സി.വിക്രമൻ, സെക്രട്ടറി പി.എസ്‌.ഹരികുമാർ, എക്‌സിക്യുട്ടീവ്‌ അംഗം സുദർശനൻ കുന്നത്തുകാൽ എന്നിവർ പങ്കെടുത്തു.