
നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് കുഴഞ്ഞുവീണ യുവതിക്ക് ബസിലെ ഡ്രൈവറും കണ്ടക്ടറും രക്ഷകരായി. ഇന്നലെ രാവിലെ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പുറപ്പെട്ട വെൺപകൽ - മെഡിക്കൽ കോളേജ് ബസിൽ കരമനയ്ക്ക് സമീപത്തു വച്ചാണ് അവണാകുഴി വൃന്ദ ഭവനിൽ വൃന്ദ ബോധരഹിതയായി കുഴഞ്ഞുവീണത്. മറ്റ് യാത്രക്കാരുടെ നിലവിളി കേട്ടെത്തിയ ഡ്രൈവർ ഷംജുവും കണ്ടക്ടർ ഷിബിയും യുവതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലാക്കി ഉടനെ ബസിന്റെ ഹെഡ് ലൈറ്റിട്ട് ഉച്ചത്തിൽ ഹോൺ മുഴക്കി ദേശീയപാതയിലെ ഗതാഗതക്കുരുക്കിലൂടെ യുവതിയെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡ്രൈവർ ഷംജു തന്നെ യുവതിയെ എടുത്ത് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെയടുത്തെത്തിച്ചു. രാവിലെ ജോലിക്ക് പോയ ഭർത്താവ് രഞ്ജിത്തിന് അപകടം സംഭവിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ് സഹോദരി വിദ്യക്കൊപ്പം ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു വൃന്ദ. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് താമരശേരി സ്വദേശിയായ ഡ്രൈവർ വി.കെ.ഷംജുവിനെയും മാരായമുട്ടം സ്വദേശി കണ്ടക്ടർ ഷിബിയെയും കെ.ആൻസലൻ എം.എൽ.എ, കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, എ.ടി.ഒ സജിത് കുമാർ എന്നിവർ അഭിനന്ദിച്ചു.