
ചിറയിൻകീഴ്: പറഞ്ഞുവരുന്നത് ചിറയിൻകീഴിലെ പാലകുന്ന് - ഈഞ്ചയ്ക്കൽ റോഡിൽ മഴപെയ്താൽ പിന്നെ യാത്രചെയ്യുന്ന കാര്യം പറയുകയേ വേണ്ട. ദിനംപ്രതി നിരവധി ആളുക്കാർ സഞ്ചരിക്കുന്ന ഈ റോഡ് മഴപെയ്താൽ പിന്നെ കുളമാകും. റോഡിനോട് ചേർന്ന് ഓട നിർമ്മിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം മഴവെള്ളം ഒഴുകിപ്പോകാറില്ലെന്നാണ് പരാതി. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊട്ടിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ച വർക്കിന്റെ ഭാഗമായി റോഡിൽ എടുത്ത കുഴികൾ മണ്ണിട്ട് മൂടിയെങ്കിലും കോൺക്രീറ്റ് അടക്കമുള്ള തുടർനടപടികൾ ഇവിടെ ഇനിയും നടക്കാനുണ്ട്. ഇതും വെള്ളക്കെട്ടിന് ഒരു കാരണമാകുന്നുണ്ട്. മഴവെള്ളം നിറയുന്നതോടെ ഇവിടം ചെളിക്കളമാകുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇവിടെ അപകടങ്ങൾ വരെ സംഭവിക്കുന്നുണ്ട്.
മഴക്കാലത്ത് പൈപ്പ് ലൈൻ ഇടാനായി കുഴിയെടുത്തതാണ് ഇപ്പോൾ ഇതുവഴിയുള്ള യാത്ര ദുസഹമാക്കി തീർത്തത്. വലിയ കട ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ, കമ്മാളകുന്ന് എന്നിവിടങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളം ഒഴുകിപ്പോകുന്ന ഓടയാണിത്. ഈ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് വെള്ളം ഒലിച്ചിറങ്ങുന്നതിന് നീണ്ട മണിക്കൂറുകൾ എടുക്കുന്നത് ഇതുവഴിയുള്ള യാത്രക്കാർക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. വലിയകട ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂപമെടുക്കുമ്പോൾ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരുന്ന ശാർക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് എല്ലാം കടന്നുപോകാനുള്ള റോഡ് കൂടിയാണിത്. ഇതും ഏറക്കുറെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. റോഡിന്റെ പലഭാഗത്തും മെറ്റലിളകി വലിയ കുഴികൾ രൂപപ്പെട്ടു.
ഈ റോഡിൽ ഓട നവീകരണം ഏറക്കുറെ നടന്നുവെങ്കിലും നിരവധി വീടുകൾക്കുള്ള ഹൗസ് കണക്ഷൻ പൈപ്പ് ഓടയ്ക്ക് കുറുകേ പോയിരിക്കുന്നതിനാൽ മാലിന്യങ്ങൾ ഇവിടെ അടിഞ്ഞ് റോഡിൽ വെളളപ്പൊക്കത്തിന് കാരണമാകുന്നു. കൂടാതെ ഓട നിർമാണത്തിലെ അശാസ്തീയതയും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നെന്നാണ് ആക്ഷേപം.