ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവ് കാരണം ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിൽ. കൊവിഡിന് മുൻപ് 42 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ആര്യനാട് ഇപ്പോൾ 25 ഷെഡ്യൂളുകൾ മാത്രമാണുള്ളത്. ഇതിൽ 21 എണ്ണം മാത്രമേ ദിവസേന തുടങ്ങാറുള്ളൂ.

59 കണ്ടക്ടർമാരും 59 ഡ്രൈവർമാരും വേണ്ടിടത്ത് 41 കണ്ടക്ടർമാരും 41 ഡ്രൈവർമാരും മാത്രമേയുള്ളൂ. അപകടത്തെ തുടർന്ന് ലീവ് എടുത്തിട്ടുള്ളവരും അടിയന്തരാവശ്യമായി ലീവെടുക്കുന്നവരും ഉൾപ്പെടെ ദിവസേന രണ്ടുപേരെങ്കിലും ലീവെടുക്കുന്ന സ്ഥിതിയാണ്.
ഇത്തരം പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴാണ് ശബരിമല ഡ്യൂട്ടിക്ക് വേണ്ടി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പമ്പയിലേക്കും, ഓച്ചിറയിലേക്കും അയയ്ക്കണമെന്ന് ചീഫ് ഓഫീസിൽ നിന്ന് നിർദ്ദേശം വന്നിരിക്കുന്നത്. കൺസഷൻ എടുത്ത് യാത്ര ചെയ്യുന്ന നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഈ ഡിപ്പോയെ ആശ്രയിക്കുന്നത്. ഷെഡ്യൂളുകൾ കാൻസൽ ആയാൽ സ്കൂൾ വിട്ടുവരുന്ന വിദ്യാർത്ഥികൾക്ക് ബസ് കിട്ടാതെയാകും. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഡിപ്പോ അധികൃതരും ജീവനക്കാരും.
ചീഫ് ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം ഒരു മാസം 16 ഡ്യൂട്ടിയെങ്കിലും ചെയ്താലോ ശമ്പളം എഴുതുകയുള്ളൂ. ഷെഡൂളുകൾ റദ്ദാക്കിയാൽ ജീവനക്കാർക്ക് ജോലിയില്ലാതെയുമാകും. ഡിപ്പോയുടെ പ്രവർത്തനം സുഗമമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കൊവിഡിന് മുൻപ് ഉണ്ടായിരുന്നത് - 42 ഷെഡ്യൂളുകൾ

ഇപ്പോൾ - 25 ഷെഡ്യൂൾ

ജീവനക്കാർ വേണ്ടത്

59 കണ്ടക്ടർമാരും 59 ഡ്രൈവർമാരും

നിലവിലുള്ളത്

41 കണ്ടക്ടർമാരും 41 ഡ്രൈവർമാരും

ശബരിമല ഡ്യൂട്ടിയും

21 ഷെഡ്യൂളുകൾ മാത്രം ഓപ്പറേറ്റ് ചെയ്ത് പ്രതിമാസം 22 ലക്ഷം രൂപ മിച്ചം വരുന്ന ജില്ലയിലെ ഒരു പ്രധാന ഡിപ്പോയാണ് ആര്യനാട്.

ശബരിമല ഡ്യൂട്ടിക്ക് വേണ്ടി കൂടുതൽ ബസും ജീവനക്കാരും ഇനിയും പോവുകയാണെങ്കിൽ ഗ്രാമപ്രദേശങ്ങളിലെയും മലയോരമേഖലയിലെയും യാത്രാ ക്ലേശം വീണ്ടും രൂക്ഷമാകും.