1

വിഴിഞ്ഞം: തായ്ലൻഡിൽ ജോലിക്കായി മലയാളി ഏജന്റ് വഴി പോയ യുവാവ് മ്യാൻമറിൽ തൊഴിൽ തട്ടിപ്പിന് ഇരയായി നരകയാതന അനുഭവിച്ചു മടങ്ങിയെത്തി. വിഴിഞ്ഞം ഹാർബർ റോഡ് തൊഴിച്ചൽ പാറവിളയിൽ അൽ ജുനൈദ് (27) ആണ് മൂന്നു മാസത്തെ നരകജീവിതത്തിൽ നിന്നു രക്ഷപ്പെട്ട് ഇന്നലെ നാട്ടിലെത്തിയത്. തായ്ലൻഡിലേക്കുള്ള യാത്രയിൽ ബാങ്കോക്ക് എയർപോർട്ടിലിറങ്ങിയ ജുനൈദിനെയും തമിഴ് നാട്ടുകാരനായ മറ്റൊരാളെയും ആഗസ്റ്റ് 15 ന് സായുധസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തായ്ലൻഡിലേക്ക് കൊണ്ടുപോകാനായി ആളെ ഏ‌ർപ്പെടുത്തിയിട്ടുണ്ടെന്ന് ഏജന്റ് പറഞ്ഞതനുസരിച്ച് കാത്തുനിൽക്കവേയാണ് സായുധസംഘം എത്തിയത്. തുടർന്ന് മ്യാൻമറിൽ എത്തിച്ച് തടവിലാക്കി കഠിന ജോലി ചെയ്യിക്കുകയായിരുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ജുനൈദിന് ലഭിച്ചത് സ്‌കാമിംഗ് ജോലിയായിരുന്നു. സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ വഴി വിവിധ രാജ്യത്തെ ആൾക്കാരിൽ നിന്ന് പണം തട്ടുന്ന കമ്പനിയാണെന്നറിഞ്ഞതോടെ എങ്ങനെയും രക്ഷപ്പെടാനുള്ള വഴികൾ തേടി.ഒടുവിൽ വീട്ടുകാരും നാട്ടുകാരും ആഭരണങ്ങൾ ഉൾപ്പെടെ വിറ്റ് സംഘടിപ്പിച്ച അഞ്ച് ലക്ഷത്തോളം രൂപ സായുധ സംഘത്തിന് മോചനദ്രവ്യം നൽകിയാണ് നാട്ടിലെത്തിയത്. മ്യാൻമറിൽ ആയുധധാരികളായ സംഘം നിയന്ത്രിച്ചിരുന്ന കമ്പനിയിലായിരുന്നു ജോലി.

ഇവിടെ എത്തിയ വഴികളും നീണ്ട യാത്രയും അനുഭവിച്ച യാതനകളും പറയുമ്പോൾ ജുനൈദിന്റെ കണ്ണ് നിറഞ്ഞൊഴുകി. മ്യാൻമറിൽ നിന്നു പുറത്തുകടന്ന ജുനൈദ് ഉൾപ്പെടെയുള്ളവർ ബാംങ്കോക്കിലെത്തിയതോടെ അവിടത്തെ പൊലീസ് പിടിയിലായി. 18 ദിവസം ജയിലിൽ തടവിലായി. ഇന്ത്യൻ എംബസി ഇടപെട്ടെങ്കിലും മോചനം നീണ്ടുപോകുകയായിരുന്നു. ഒടുവിൽ ഏജന്റുമാർക്ക് പണം നൽകിയാണ് രക്ഷപ്പെട്ടതെന്ന് ജുനൈദ് കേരള കൗമുദിയോട് പറഞ്ഞു.

17 മണിക്കൂർ ജോലി, കഠിന ശിക്ഷ

മ്യാൻമറിൽ ദിവസവും 17 മണിക്കൂർ ജോലി ചെയ്യിക്കുമായിരുന്നു. അതിനിടയ്ക്ക് ഉറങ്ങിപ്പോയാൽ കഠിന ശിക്ഷ കിട്ടും. ഷോക്ക് ഉൾപ്പെടെയുള്ള ക്രൂര മർദ്ദനമുറകൾ നടത്തിയിരുന്നു. തോക്കും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ജോലി ചെയ്യിച്ചിരുന്നത്. ശരിയായ ആഹാരമോ ഉറക്കമോ ഇല്ലായിരുന്നു. ഒരിക്കൽ ജോലിക്കിടെ ഉറങ്ങിപ്പോയപ്പോൾ വെള്ളം നിറച്ച വലിയ കാൻ തലയിൽ വച്ച് 15 മണിക്കൂർ നിൽക്കേണ്ടി വന്നു.

നാട്ടിലേക്ക് ഫോൺ ഉപയോഗിക്കാൻ നൽകിയിരുന്നില്ല. ഫോണിലെ ക്യാമറ പശ ഉപയോഗിച്ച് മറച്ചിരുന്നു. ഒടുവിൽ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചതെന്നും സോഷ്യൽ മീഡിയ തട്ടിപ്പുകൾ നമ്മൾ കരുതുന്നതിനെക്കാൾ ഭയാനകമാണെന്നും ജുനൈദ് പറഞ്ഞു.