harikumar

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ സി.വി രാമൻ പിള്ളയുടെ മകൾ മഹേശ്വരി അമ്മയുടെയും , ഹാസ്യസാഹിത്യകാരൻ ഇ.വി .കൃഷ്ണപിള്ളയുടെയും ചെറുമകൻ.

പ്രശസ്ത നടൻ അടൂർ ഭാസിയുടെ അനന്തരവൻ..സാഹിത്യവും കലയുമായി അത്രയേറെ ബന്ധം പാരമ്പര്യമായി കിട്ടിയ പ്രതിഭയായിരുന്നു ബി. ഹരികുമാർ.

എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സതേൺ സ്റ്റാർ, സ്‌ക്രീൻ എന്നീ ഇംഗ്ളീഷ് സിനിമാ പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവർത്തിച്ചു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്,സംവിധായകൻ,നടൻ,ബാങ്ക് ഓഫീസർ അങ്ങനെ ജീവിതത്തിൽ

നിരവധി റോളുകൾ .സ്വതസിദ്ധവും അനായാസവുമായ അഭിനയ ശൈലിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഏറെ താത്പര്യമുണ്ടായിരുന്നെങ്കിലും ,ബാങ്കിലെ ജോലിക്കിടെ പലപ്പോഴും അഭിനയ രംഗത്ത് സജീവമാകാൻ സാധിച്ചിരുന്നില്ല. ദൂരദർശനിൽ ചില സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിരുന്നു. 1996ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിനയ രംഗത്ത് കൂടുതൽ സജീവമായത്.

എഴുത്തിലെ നർമ്മ രസം ഹരികുമാറിനെ ശ്രദ്ധേയനാക്കി. റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു. അഭിനയ ശൈലിയിൽ മാത്രമല്ല കാഴ്ചയിലും അമ്മാവൻ അടൂർ ഭാസിയെ അനുസ്മരിപ്പിച്ചിരുന്നു ഹരികുമാർ. അടൂർ ഭാസിയെക്കുറിച്ച് 'ചിരിയുടെ തമ്പുരാൻ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. താവളം , പകൽ വിളക്ക് , മാരീചം , ചക്രവർത്തിനി , ഡയാന , കറുത്ത സൂര്യൻ , ഗന്ധർവ്വൻ പാറ, കണ്മണി , അപരാജിത, വാടാമല്ലിക, കാമിനി , ഭൂരിപക്ഷം , അപഹാരം , രഥം (നോവലുകൾ ) അഗ്നിമീളേ പുരോഹിതം (കഥാ സമാഹാരം )തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു. നിരവധി ടെലിവിഷൻ സീരിയലുകൾക്കും ടെലിഫിലിമുകൾക്കും ചലച്ചിത്രങ്ങൾക്കും കഥയും തിരക്കഥയും രചിച്ചു.