 പൊലീസുകാരനും മാദ്ധ്യമപ്രവർത്തകനും പരിക്ക്

തിരുവനന്തപുരം: കണ്ണീർ വാതകവും ജലപീരങ്കിയും ലാത്തിച്ചാർജുമായി ഇന്നലെയും നഗരസഭാ പരിസരം പ്രക്ഷുബ്ധമായി. മേയർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനും ഒരു മാദ്ധ്യമ പ്രവർത്തകനും സംഘർഷത്തിൽ പരിക്കേറ്റു. കല്ലേറ് നടത്തിയത് യൂത്ത് കോൺഗ്രസാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നഗരസഭയ്‌ക്ക് സമീപമുള്ള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ഉച്ചയ്‌ക്ക് ഒന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ ഗേറ്റിന് മുൻവശത്തെ പ്രധാന റോഡിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്‌തതിന് ശേഷമാണ് മാർച്ച് അക്രമാസക്തമായത്. ബാരിക്കേഡ് തള്ളിയിടാനും മറികടക്കാനും പ്രവർത്തക‌ർ ശ്രമിച്ചപ്പോൾ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചത്.

മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞുപോകാത്ത പ്രവർത്തകർക്കുനേരെ പൊലീസ് മൂന്ന് തവണ കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ഇതോടെ പ്രകോപിതരായ പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. ബാരിക്കേഡും മതിലും ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് പിന്തിരിപ്പിച്ചു. തുടർന്ന് വീണ്ടും നാലുതവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. കോർപ്പറേഷന് മുന്നിൽ സമരം അവസാനിച്ച് പ്രവർത്തകർ കൂട്ടമായി പാളയം ഭാഗത്തേക്ക് പ്രകടനമായി നീങ്ങുന്നതിനിടെ കോർപ്പറേഷന്റെ പിറകിലെ ഗേറ്റിൽ നിന്ന പൊലീസുമായി വാക്കേറ്റമുണ്ടായി. കോർപ്പറേഷന് അകത്തേക്ക് കയറാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ നടത്തിയ ലാത്തിച്ചാർജിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ലാത്തി വീശിയാണ് പിന്തിരിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്,യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികളായ ശ്രാവൺ റാവു,സി.ബി. പുഷ്പലത,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ,​സംസ്ഥാന ഭാരവാഹികളായ ദിനേശ് ബാബു,രാഹുൽ മാങ്കൂട്ടത്തിൽ,വിനോദ് കോട്ടുകാൽ,ഷജീർ നേമം,അരുൺ രാജൻ,മഹേഷ് ചന്ദ്രൻ,ജെ.എസ് അഖിൽ,ചിത്രദാസ്,അരുൺ എസ്.പി, എ.ജി.ശരത്,അനൂപ് ബി.എസ്, റിജി റഷീദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. മേയർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ​യു.ഡി.എഫ് കൗൺസിലർമാർ ഇന്നലെയും ധർണ നടത്തി.

യൂത്ത് കോൺഗ്രസ് സമരം സംസ്ഥാന

വ്യാപകമാക്കും: ഷാഫി പറമ്പിൽ

കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നഗരസഭ മാർച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. സി.പി.എമ്മിന്റെ നിയമന സിസ്റ്റം തന്നെ പിൻവാതിൽ നിയമനമായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജനവിരുദ്ധ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയനെന്നാണെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ രാജിവയ്ക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുതവണ കണ്ണീർ വാതകം,​

നട്ടം തിരിഞ്ഞ് പൊലീസും ജനവും

നഗരസഭയിലെ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ കണ്ണീർവാതകം തുടർച്ചയായി പ്രയോഗിച്ചതിൽ സമരക്കാരെക്കാൾ കൂടുതൽ നട്ടം തിരിഞ്ഞത് ജനങ്ങളും പൊലീസുമാണ്. കാറ്റിന്റെ ദിശമാറിയതോടെയാണ് കണ്ണീർവാതകത്തിന്റെ പുക പൊലീസുകാരെയും സമീപത്തെ കടകളിലുള്ളവരെയും വലച്ചത്. വനിതാ പൊലീസുകാർക്കടക്കം ദേഹാസ്വാസ്ഥ്യമുണ്ടായി. നഗരസഭയിലെ ജീവനക്കാർക്കും പുക ബുദ്ധിമുട്ടുണ്ടാക്കി.