
വെള്ളറട:ആറാട്ടുകുഴി-കൂതാളി റോഡിലെ വൻകുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു.സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള അനവധി ആളുകൾ കാൽനട യാത്രയ്ക്കായും നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനും ആശ്രയിക്കുന്ന റോഡായ ഇവിടെ യഥാസമയം വേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് ഒരടിയോളം ആഴമുള്ള കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്രവാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. മഴ മൂലം കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ വെള്ളത്തിൽ വീഴുന്നതും പതിവാണ്.റോഡ് പൂർണമായും തകർന്നതിനാൽ ഇവിടെയുള്ള ചെളിക്കുഴി താണ്ടി വേണം കാൽനട യാത്രക്കാർക്ക് കടന്നുപോകാൻ. റോഡിന്റെ വശങ്ങളിലുള്ള ഓട ചിലർ കൈയേറിയതിനാൽ വെള്ളം ഒഴുകിപോകാനാകാത്തവിധം റോഡിൽ കെട്ടിക്കിടക്കുകയാണ്. ഓട കൈയേറിയപ്പോൾ പോലും മരാമത്ത് വകുപ്പ് അധികൃതർ തിരിഞ്ഞ് നോക്കിയില്ല.വെള്ളകെട്ടും അപകടങ്ങളും പതിവായതിനെ തുടർന്ന് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റോഡിന്റെ ശോചനീയാവസ്ഥ ചിത്രങ്ങൾ സഹിതം നൽകി പരാതി നൽകിയിരുന്നു. നെയ്യാറ്റിൻകര പൊതുമരാമത്ത് ഡിവിഷൻ ഓഫീസിലേക്ക് ഉടൻതന്നെ പരാതി അയച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും കിഫ്ബിക്ക് കൈമാറിയിരിക്കുന്നതിനാൽ അവരിൽ നിന്നും നടപടികളുണ്ടായാൽ മാത്രമേ റോഡിലെ കുഴികൾ നികത്താൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്. ആറാട്ടുകുഴി ജംഗ്ഷൻ മുതൽ കലിങ്കുനട വരെയുള്ള റോഡും ഇപ്പോൾ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെട്ടാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്.